ആ രണ്ട് മണിക്കൂറിന്റെ ലാഭം എനിക്ക് വേണ്ട; എം.എസ്.എഫ് ക്യാമ്പിൽ കെ റെയിൽ പദ്ധതിയെ വിമർശിച്ച് ജന ​ഗണ മന തിരക്കഥാകൃത്ത്

കെ റെയിൽ പദ്ധതിയെ വിമർശിച്ച് ജന ​ഗണ മന തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. ജന ​ഗണ മന റിലീസ് ചെയ്തപ്പോൾ എസ്.ഡി.പി.ഐ, ഫ്രറ്റേണിറ്റി നേതാക്കൾ അവരുടെ വേദിയിലേക്ക് തന്നെ ക്ഷണിച്ചെന്നും അദ്ദേഹം തുറന്ന് പറഞ്ഞു. എം.എസ്.എഫ് ക്യാമ്പിൽ പങ്കെടുക്കവേ ഒരു ചോദ്യത്തിന് ഉത്തമായിട്ടാണ് ഷാരിസിന്റെ പ്രതികരണം. കെ റെയിലിനെതിരെ കവിതയെഴുതിയതിന് റഫീഖ് അഹമ്മദ് നേരിട്ട സൈബർ ആക്രമണത്തേക്കുറിച്ചും അദ്ദേഹം പരാമർശം നടത്തി.

“ജനഗണമന റിലീസ് ചെയ്തതിന് ശേഷം എസ്.ഡി.പി.ഐ അവരുടെ മൂവി ക്ലബ് ഉദ്ഘാടനത്തിന് വിളിച്ചു, ഞാൻ വരില്ലെന്ന് പറഞ്ഞു. ജന​ഗണമനയുടെ സംവിധായകൻ ഡിജോ ജോസിനെ വിളിച്ചോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നും വേണ്ടത് എന്നെയാണെന്നുമാണ് അവർ പറഞ്ഞത്. അവർക്ക് വേണ്ടത് എന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു എന്ന് ഞാൻ മനസിലാക്കി. ഇങ്ങനെ ഒരു സിനിമയാണോ ഞാൻ ചെയ്തത് എന്നുപോലും തോന്നി. അത് കഴിഞ്ഞ് ഫ്രറ്റേണിറ്റിയുടെ നേതാവ് അവരുടെ ഇസ്‌ലാമോഫോബിയ സമ്മേളനത്തിലേക്ക് വിളിച്ചു. ഞാൻ പറഞ്ഞു, എനിക്കെന്ത് ഇസ്‌ലാമോഫോബിയ? ഡിജോയെ വിളിക്കാത്തതിനേക്കുറിച്ച് ചോദിച്ചപ്പോൾ അവരും പറഞ്ഞത് അവർക്കും വേണ്ടത് എന്നെയാണെന്നാണ്.” ഷാരിസ് പറഞ്ഞു.

ഇതൊക്കെ കഴിഞ്ഞ് കൊടുങ്ങല്ലൂരിലെ വീട്ടിലിരിക്കുമ്പോൾ ഒരുദിവസം ഫോണിൽ ഒരു കോൾ. ഷാഫി പറമ്പിലായിരുന്നു അത്. യൂത്ത് കോൺ​ഗ്രസിന്റെ ചിന്തൻ ശിബിർ നടക്കുന്നുണ്ട്. അര മണിക്കൂർ സംസാരിക്കാമോ എന്ന് ചോദിച്ചപ്പോൾ വരും എന്ന് ഒറ്റ നിമിഷത്തിൽ ഞാൻ പറഞ്ഞു. കാരണം എന്റെ പേരിലെ മുഹമ്മദ് കണ്ടല്ല, എന്റെ സിനിമ കണ്ടിട്ടും ഞാനെന്ന മനുഷ്യനെ കണ്ടിട്ടും വിളിച്ച സംഘടനയായിരുന്നു അതെന്നും ഷാരിസ് പറഞ്ഞു.

“കഴിഞ്ഞയാഴ്ചയാണ് എം.എസ്.എഫിന്റെ നജാഫ് വിളിച്ചത്. പരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന വിവരം ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. നിന്റെ സിനിമ നല്ലരീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്, വേണ്ടാത്ത പണിക്ക് പോകണ്ട, പോയാൽ സംസ്ഥാന പുരസ്കാരത്തിന് പരി​ഗണിക്കില്ല എന്നാണവർ പറഞ്ഞത്. എം.എസ്.എഫിന്റെ ക്യാമ്പിന് പോയതിന്റെ പേരിൽ അർഹതപ്പെട്ട അവാർഡ് എനിക്ക് കിട്ടുന്നില്ലെങ്കിൽ ആ നഷ്ടമാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡ്.”

ഫാസിസത്തേക്കുറിച്ച് അന്വേഷിച്ച് നമുക്ക് യുപിയിലൊന്നും പോവേണ്ട. കെ റെയിലിനെ കുറിച്ച് ഒരു കവിതയെഴുതിയതിന്റെ പേരിൽ കവിയും ​ഗാനരചയിതാവുമായ റഫീഖ് അഹമ്മദിനെ സൈബറിടങ്ങളിൽ അപമാനിച്ചു. എനിക്കൊരു കെ. റെയിലും വേണ്ട, ആ രണ്ട് മണിക്കൂറിന്റെ ലാഭവും വേണ്ട. നല്ല വിദ്യാഭ്യാസം, വായു, വെള്ളം തുടങ്ങിയവയാണ് നമ്മുടെ ഭാവി തലമുറയ്ക്ക് കൊടുക്കേണ്ടതെന്നും ഷാരിസ് പറഞ്ഞു.

Top