ജനസേനാ പാര്‍ട്ടി നേതാവ് പവന്‍ കല്യാണ്‍ കസ്റ്റഡിയില്‍

ഹൈദരാബാദ്:ആന്ധ്ര – തെലങ്കാന അതിര്‍ത്തിയില്‍ പ്രതിഷേധിച്ച ജനസേനാ പാര്‍ട്ടി നേതാവ് പവന്‍ കല്യാണ്‍ കസ്റ്റഡിയില്‍. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനെത്തുടര്‍ന്നുള്ള നാടകീയ സംഭവങ്ങള്‍ തുടരുന്നതിനിടെയായിരുന്നു പവന്‍ കല്യാണ്‍ എത്തിയിത്. വിജയവാഡയിലേക്ക് റോഡ് മാര്‍ഗം എത്താന്‍ ശ്രമിച്ച പവന്‍ കല്യാണിന്റെ വാഹനവ്യൂഹം ആന്ധ്രാ പൊലീസ് തടയുകയായിരുന്നു.

ആന്ധ്ര – തെലങ്കാന അതിര്‍ത്തിയായ ഗാരികപടുവില്‍ വച്ചാണ് പവന്‍ കല്യാണിന്റെ വാഹനവ്യൂഹം തടഞ്ഞത്. വാഹനം തടഞ്ഞതോടെ പവന്‍ കല്യാണ്‍ ഇറങ്ങി നടക്കുകയായിരുന്നു. ആന്ധ്ര – തെലങ്കാന അതിര്‍ത്തിയില്‍ നിന്ന് മംഗളഗിരി വരെ നടന്ന് പോകുമെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു. ഇതും പൊലീസ് തടഞ്ഞതോടെ പവന്‍ കല്യാണ്‍ റോഡില്‍ നിലത്ത് കിടന്ന് പ്രതിഷേധിച്ചു. ഇതിനെത്തുടര്‍ന്നാണ് പവന്‍ കല്യാണിനെയും മറ്റ് ജനസേനാ നേതാക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

അതേസമയം, സ്‌കില്‍ ഡെവലെപ്‌മെന്റ് പദ്ധതി കേസില്‍ ചന്ദ്രബാബു നായിഡുവിനെ ഒന്നാം പ്രതിയാക്കിയെന്ന് സ്ഥിരീകരിച്ച് സിഐഡി വിഭാഗം രംഗത്തെത്തിയിരുന്നു. കേസില്‍ 37-ാം പ്രതിയായിരുന്നു ചന്ദ്രബാബു നായിഡു. 2015-ല്‍ അന്നത്തെ ഫിനാന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ. പി വി രമേശ് എഴുതിയ ഫയല്‍ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നായിഡുവിനെ ഒന്നാം പ്രതിയാക്കിയിരിക്കുന്നത്.

Top