ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലീകരിക്കാൻ ഇവരെ കൊണ്ട് പറ്റില്ല

കുടമാറ്റം പോലെ വീണ്ടും ഒരു മന്ത്രി മാറ്റത്തിന് ഒരുങ്ങുകയാണ് ജനതാദള്‍ എസ്. പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നത് മാത്യു ടി തോമസ് ആയിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം അദ്ദേഹത്തെ മാറ്റി ചിറ്റൂര്‍ എം.എല്‍.എയായ കെ. കൃഷ്ണന്‍ കുട്ടിയെ മന്ത്രിയാക്കി. ഇപ്പോള്‍ വടകര എം.എല്‍.എ സി.കെ നാണുവിനെ മന്ത്രിയാക്കാനാണ് ആലോചന.

ജനതാദള്‍ എസ് ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡ തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ ഏതാനും ദിവസം മുന്‍പ് നടന്ന ചര്‍ച്ചയിലാണ് ഈ നിര്‍ദ്ദേശമുയര്‍ന്നത്. യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് എം.എല്‍.എമാരുള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ നവംബര്‍ 28ന് ആണ് കൃഷ്ണന്‍കുട്ടി മാത്യു ടി തോമസിന് പകരക്കാരനായി സത്യപ്രതിജ്ഞ ചെയ്തിരുന്നത്.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം എന്‍.സി.പിയും മന്ത്രിമാരെ മാറ്റി പരീക്ഷിച്ചിരുന്നു. ആദ്യം മന്ത്രിയായ എ.കെ ശശീന്ദ്രന്‍ പെണ്‍കെണിയില്‍പ്പെട്ട് രാജിവയ്ക്കേണ്ടി വന്നപ്പോള്‍ പകരക്കാരനായി എത്തിയത് തോമസ് ചാണ്ടി ആയിരുന്നു. പിന്നീട് തോമസ് ചാണ്ടി കായല്‍ കയ്യേറ്റത്തില്‍ കുരുങ്ങിയപ്പോള്‍ വീണ്ടും ശശീന്ദ്രന് തന്നെ നറുക്ക് വീണു. കോടതിയില്‍ നിന്നും പെണ്‍കെണി കേസില്‍ കിട്ടിയ അനുകൂല വിധിയും അദ്ദേഹത്തിന് തിരിച്ചു വരവിന് സഹായകരമായി.

ഇടതുപക്ഷത്തെ ഈ രണ്ടു പാര്‍ട്ടികള്‍ക്കു മാത്രമല്ല, കോണ്‍ഗ്രസ്സ് എസിനും മന്ത്രി പദവി ലഭിച്ചത് സി.പി.എമ്മിന്റെ ഔദാര്യം കൊണ്ടു മാത്രമാണ്. ഒറ്റക്ക് നിന്നാല്‍ സംസ്ഥാനത്ത് ഒരു വാര്‍ഡില്‍ പോലും ജയിക്കാനുള്ള ശേഷി ഈ പാര്‍ട്ടികള്‍ക്കുണ്ടോ എന്നതും സംശയമാണ്. കോണ്‍ഗ്രസ്സ് എസിന്റെ പ്രതിനിധിയായി മന്ത്രിസഭയിലുള്ള കടന്നപ്പള്ളി രാമചന്ദ്രനും ശക്തി കൊണ്ടുള്ള പരിഗണനയല്ല സി.പി.എം നല്‍കിയിരുന്നത്.

സി.പി.എമ്മിന്റെ മാത്രം ജനപിന്തുണയില്‍ നിലനില്‍ക്കുന്ന മുന്നണിയാണ് യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷം. നാല് മന്ത്രിമാരുള്ള സി.പി.ഐയുടെ സ്വാധീനം പോലും ഏതാനും ജില്ലകളില്‍ മാത്രം ഒതുങ്ങും. അവര്‍ക്കും ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഒരു പഞ്ചായത്ത് ഭരണം പോലും പിടിക്കാന്‍ കഴിയില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സ്വന്തം ശക്തിക്ക് അനുസരിച്ചുള്ള അവകാശവാദങ്ങളല്ല ഇവര്‍ നടത്താറുള്ളത്. അധികാര കൊതിയും അഹങ്കാരവും ഈ ഘടകകക്ഷി നേതൃത്വത്തില്‍ ആവോളം ഉണ്ട്.

സി.പി.എമ്മിന്റെ ദൗര്‍ബല്യവും ജനശക്തിയില്ലാത്ത ഇത്തരം ഘടകകക്ഷികളാണ്. ഇപ്പോള്‍ പുതുതായി മുന്നണിയില്‍ എടുത്ത പാര്‍ട്ടികള്‍ പോലും വെറും പടങ്ങളാണ്. സി.പി.എം അണികളുടെയും അനുഭാവികളുടെയും വോട്ടുകളാണ് ഇവിടെ ദുരുപയോഗം ചെയ്യപ്പെടുന്നത്. ഈ വോട്ടുകള്‍ നേടി വിജയിച്ചവരാണ് മന്ത്രിസഭക്കും നാണക്കേടുണ്ടാക്കുന്നത്.

കേരളത്തിലെ ഈ ആളില്ലാ പാര്‍ട്ടികള്‍ക്ക് മന്ത്രി സ്ഥാനവും മറ്റ് അധികാരങ്ങളും നല്‍കിയിട്ടും അതിന്റെ ഒരു നേട്ടവും സി.പി.എമ്മിന് തിരിച്ച് ലഭിച്ചിട്ടില്ല. ലോക്സഭ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് കര്‍ണാടകയില്‍ ഒരു സീറ്റു പോലും സി.പി.എമ്മിനു വിട്ടു നല്‍കാന്‍ തയ്യാറായിട്ടില്ല. മഹാരാഷ്ട്രയില്‍ എന്‍.സി.പിയും സമാന നിലപാടാണ് സ്വീകരിച്ചത്. സ്വന്തം ശക്തികേന്ദ്രങ്ങളില്‍ ഒരു സീറ്റു പോലും നല്‍കാന്‍ തയ്യാറാകാത്ത ഘടകകക്ഷികളെ ചുമക്കണമോ എന്ന കാര്യം സി.പി.എം നേതൃത്വമാണ് ഇനി ആലോചിക്കേണ്ടത്.

യു.ഡി.എഫിന് മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ്സും അനിവാര്യമായത് പോലെ ഇടതുപക്ഷത്ത് ജെ.ഡി.എസും എന്‍.സി.പിയും അനിവാര്യമല്ല. ഒരു താരതമ്യത്തിന് പോലും അടിസ്ഥാനമില്ലാത്ത കാര്യമാണിത്. ജനകീയ പിന്‍തുണയില്ലാത്ത ഘടകകക്ഷികള്‍ക്ക് പകരം ബദല്‍ സംവിധാനമാണ് സി.പി.എം യഥാര്‍ഥത്തില്‍ തേടേണ്ടത്. പാര്‍ട്ടിയുടെ ജനകീയ അടിത്തറ വിപുലീകരിക്കുക എന്നതാണ് അതില്‍ പ്രധാനം.

ഈ സാഹചര്യത്തില്‍ വീണ്ടും മന്ത്രിയെ മാറ്റി കളിക്കാനുള്ള ജെ.ഡി.എസ് നീക്കത്തെ സി.പി.എം എതിര്‍ക്കുക തന്നെ വേണം. സര്‍ക്കാറിന്റെ പ്രതിച്ഛായക്കാണ് ഈ മാറ്റകച്ചവടം ദോഷം ചെയ്യുക.

Political Reporter

Top