ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനുശേഷം നിക്ഷേപം കുമിഞ്ഞുകൂടിയ ജന്‍ധന്‍ അക്കൗണ്ടുകളില്‍നിന്ന് കഴിഞ്ഞ രണ്ടാഴ്ചക്കിടെ പിന്‍വലിച്ചത് 3,285 കോടി രൂപ.
ഡിസംബര്‍ ഏഴിന് അവസാനിച്ച ആഴ്ചവരെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപമായെത്തിയത് 74,610 കോടി രൂപയാണ്. എന്നാല്‍ ഡിസംബര്‍ 28 ആയപ്പോഴേയ്ക്കും നിക്ഷേപം കാര്യമായി പിന്‍വലിക്കുന്നതാണ് കണ്ടത്.
പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ രണ്ട് ദിവസംമാത്രം അവശേഷിക്കേ, മൊത്തം നിക്ഷേപം 71,037 കോടിയായി കുറഞ്ഞു.
ജന്‍ധന്‍ അക്കൗണ്ടുകളില്‍ പരമാവധി നിക്ഷേപ തുക 50,000 രൂപയാണ്. പിന്‍വലിക്കാവുന്ന തുകയാകട്ടെ പ്രതിമാസം 10,000 രൂപയുമാണ്. നിക്ഷേപിക്കുന്നതിനും നിക്ഷേപം പിന്‍വലിക്കുന്നതിനും ഈ നിയന്ത്രണമുള്ളപ്പോഴാണ് ഇത്രയും തുകയുടെ ഇടപാടുകള്‍ നടന്നിരിക്കുന്നത്.
നോട്ട് അസാധുവാക്കുന്നതിന് മുമ്പ് 25.5 കോടി ജന്‍ധന്‍ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 45,636.61 കോടി രൂപമാത്രമായിരുന്നു.
നോട്ട് അസാധുവാക്കിയതിനുശേഷം ഒരുമാസത്തിനുള്ളില്‍ 28,973 കോടി രൂപയാണ് നിക്ഷേപമായെത്തിയത്.
അതേസമയം, ജന്‍ധന്‍ അക്കൗണ്ടുകളില്‍ 24.13 ശതമാനവും ഇപ്പോഴും സീറോ ബാലന്സില്തന്നെയാണ്.