ഡൽഹി: ഹോക്കി ഇന്ത്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യന്‍ ഹോക്കി വനിതാ ടീം പരിശീലക ജാനെക് ഷോപ്മാന്‍. തനിക്ക് ഇവിടുത്തെ ജോലി വളരെ കഠിനമാണെന്ന് ഷോപ്മാന്‍ പറഞ്ഞു. വനിതകള്‍ ബഹുമാനിക്കപ്പെടുന്ന ഒരു രാജ്യത്ത് നിന്നുമാണ് താന്‍ വരുന്നത്. എന്നാല്‍ ഇവിടെ തനിക്ക് അത്തരമൊരു ബഹുമാനം ലഭിക്കുന്നില്ലെന്നാണ് ഷോപ്മാന്റെ ആരോപണം.
താന്‍ നെതര്‍ലാന്‍ഡ്‌സില്‍ നിന്നാണ് വരുന്നത്. അമേരിക്കയില്‍ ജോലി ചെയ്തിട്ടുണ്ട്. അവിടെ നിന്നെല്ലാം വ്യത്യസ്തമാണ് ഇവിടുത്തെ സാഹചര്യം. പല തവണ ഇവിടെ നിന്നും പോകാന്‍ താന്‍ ആഗ്രഹിച്ചു. അതിന് കാരണം ഇന്ത്യയിലെ ജോലി കഠിനമാണെന്നും ഷോപ്മാന്‍ പ്രതികരിച്ചു.പുരുഷ ടീമിന് ലഭിക്കുന്ന അംഗീകാരം വ്യത്യസ്തമാണ്. പുരുഷ ടീം വനിതാ ടീം എന്നിങ്ങനെ വേര്‍തിരിച്ച് കാണേണ്ടതില്ല. വനിതാ ടീം വനിതകളുടെ ടീമാണ്. അവര്‍ കഠിനാദ്ധ്വാനം ചെയ്യുന്നു. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നു. തനിക്ക് അവരെ ഇഷ്ടമാണെന്നും ഷോപ്മാന്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ടീമിന്റെ സഹപരിശീലക സ്ഥാനത്തായിരുന്നപ്പോള്‍ തനിക്ക് ഒരു ബഹുമാനവും ലഭിച്ചിട്ടില്ല. തന്റെ വാക്കുകള്‍ ആരും ശ്രവിച്ചിരുന്നില്ല. എന്നാല്‍ മുഖ്യപരിശീലക സ്ഥാനത്ത് താന്‍ എത്തിയപ്പോള്‍ എല്ലാവരും തനിക്ക് ബഹുമാനം നല്‍കാന്‍ തുടങ്ങി. സഹപരിശീലക ആയിരുന്ന കാലഘട്ടം ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും ഷോപ്മാന്‍ പറഞ്ഞു.