ജനീവ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ചൈനയ്ക്കു പുറത്തേയ്ക്കും വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടഡ്രോസ് അദാനം ഗബ്രിയേസസ് പറഞ്ഞു.
സ്ഥിതി ഗുരുതരമാണെന്നും ആരോഗ്യ അടിയന്തരാവസ്ഥ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭാ അംഗരാജ്യങ്ങളിലേയ്‌ക്കെല്ലാം നോട്ടീസ് നല്‍കുമെന്നും ടഡ്രോസ് അദാനം ഗബ്രിയേസസ് കൂട്ടിച്ചേര്‍ത്തു. രാജ്യാതിര്‍ത്തികള്‍ അടയ്ക്കുന്നതും വിമാനങ്ങള്‍ റദ്ദാക്കുന്നതും അടക്കമുള്ള കാര്യങ്ങളില്‍ അതാത് രാജ്യങ്ങള്‍ക്ക് തീരുമാനമെടുക്കാം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും ഡബ്ല്യു. എച്ച്. ഒ. വ്യക്തമാക്കി.
നിലവില്‍ ചൈനയ്ക്ക് പുറത്ത് 18 രാജ്യങ്ങളിലായി 98 വൈറസ് ബാധ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ചൈനയ്ക്ക് പുറത്ത് ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വൈറസ് വ്യാപനം തടയുന്നതിന് എല്ലാവരും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും സഹായം ആവശ്യമുള്ളിടങ്ങളില്‍ സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കാന് ലോകാരോഗ്യ സംഘടന സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.