തിരുവനന്തപുരം: പിണറായി വിജയനെതിരെ വിവാദ പ്രസ്താവന നടത്തിയ കുന്ദൻ ചന്ദ്രാവത്തിനെ ആർ എസ് എസ് പുറത്താക്കിയ സാഹചര്യത്തിൽ കൊലവെറി പ്രസംഗം നടത്തിയ എം എം മണിയെ സി പി എം എന്ന് പുറത്താക്കുമെന്ന് സംഘപരിവാർ മുഖപത്രം
അനഭലഷണീയമായ പ്രസ്താവന നടത്തിയ സ്വന്തം ഭാരവാഹിയെ നീക്കാൻ ആർഎസ്എസിനു മണിക്കൂറുകൾ മാത്രമാണ് വേണ്ടി വന്നിരുന്നതെന്ന് ജന്മഭൂമി മുഖ പ്രസംഗത്തിൽ ചൂണ്ടി കാട്ടി.
വാക്കും പ്രവർത്തിയും തമ്മിൽ പൊരുത്തം വേണമെന്ന് കരുതുന്ന സംഘടനയാണിത്. ഇവിടെയാണ് സി പി എം വിരുദ്ധ ധ്രുവത്തിൽ നിൽക്കുന്നതെന്നും ജന്മഭൂമി ചൂണ്ടി കാട്ടി.
എം എം മണി ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കെ നടത്തിയ കൊലവെറി പ്രസംഗം അത്യന്തം പ്രകോപനപരമായിരുന്നു. രാഷ്ട്രിയ പ്രതിയോഗികളെ സി പി എം പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് മണി പ്രസംഗിച്ചത്.
അഞ്ചേരി ബേബി എന്ന യൂത്ത് കോൺഗ്രസ്സ് നേതാവടക്കം ഇങ്ങനെ കൊന്ന മൂന്നു പേർ ആരൊക്കെയെന്നും കൊല ചെയ്ത രീതിയും മണി വെളിപ്പെടുത്തുകയുണ്ടായി. രാജ വ്യാപകമായി അപലപിക്കപ്പെട്ട സംഭവത്തിന്റെ പേരിൽ കേസു വന്നിട്ടും മണിക്കെതിരെ നടപടിയെടുക്കാൻ സി പി എം തയ്യാറായില്ലന്നും മുഖപ്രസംഗത്തിൽ ആരോപിച്ചു.
മണി കുറ്റക്കാരനാണോ അല്ലയോ എന്ന് കോടതി തീരുമാനിക്കുന്നതിന് മുൻപ് വ്യവസായ മന്ത്രി രാജിവച്ച ഒഴിവിൽ പകരക്കാരനാക്കുകയാണ് സി പി എം ചെയ്തത്.
കേസിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയിട്ടും കൊല കേസിലെ പ്രതി മന്ത്രിസഭയിൽ തുടരുകയാണ്.മുഖ്യമന്ത്രി പിണറായിക്കും ഇക്കാര്യത്തിൽ ട്രാക്ക് റെക്കോർഡ് ഉണ്ടെന്നും ജന്മഭൂമി ചൂണ്ടികാട്ടുന്നു.
1968-ൽ തലശ്ശേരിയിലെ വാടിക്കൽ രാമകൃഷ്ണൻ എന്ന ആർ എസ് എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പിണറായി പ്രതിയായിരുന്നുവെന്നാണ് ആരോപണം.
എതിരാളികളെ കൊന്ന് ആഴത്തിൽ ഉപ്പുമിട്ട് മൂടണമെന്ന് നിർദ്ദേശിച്ച നേതാവാണ് പിണറായി എന്നും, ഈ പ്രസംഗത്തിന് സാക്ഷിയായ മുൻ സഖാവ് എ പി അബ്ദുളളക്കുട്ടിക്കെതിരെ പിണറായി ഇതുവരെ ഒരു നിയമ നടപടിയും ആക്ഷേപം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടും സ്വീകരിച്ചിട്ടില്ലന്നും ജന്മഭൂമി മുഖ പ്രസംഗത്തിൽ പറയുന്നു.