തിരുവനന്തപുരം : മലയാള സാഹിത്യത്തിലെ പ്രതിഭകളിലൊരാളായ എംടി വാസുദേവന്‍നായര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ജന്മഭൂമി മുഖപ്രസംഗം.
സ്വയം സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയ്ക്കുള്ളില്‍ സുരക്ഷിതമായി നില്‍ക്കുകയും കൈവന്ന പദവികള്‍ കൊണ്ട് പലര്‍ക്കും തലതൊട്ടപ്പനെന്ന് തോന്നിപ്പിക്കുകയും ചെയ്ത പ്രതിഭാസമാണ് എംടി വാസുദേവന്‍നായരെന്ന് ജന്മഭൂമി മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
പണ്ടേക്കുപണ്ടേ സ്വയം ജ്ഞാനപീഠം കയറുകയും പിന്നെ മറ്റ് ചിലരൊക്കെ ചേര്‍ന്ന് ജ്ഞാനപീഠത്തില്‍ കയറ്റുകയും ശേഷം മറ്റാരും കയറാതിരിക്കാന്‍ മെനക്കെട്ട് പണിയെടുത്ത സാഹിത്യസാര്‍വഭൗമനാണ് നാലുകെട്ടിന്റെ തമ്പുരാന്‍. തൊണ്ടകീറി പ്രസംഗവേദിയില്‍ മിമിക്രി കാണിക്കാറില്ല എന്നതൊഴിച്ചാല്‍ സാഹിത്യത്തിലെ ഒരു വിഎസാണ് കൂടല്ലൂര്‍ക്കാരന്‍ വാസുദേവന്‍ നായരെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
മലയാളത്തിന്റെ എണ്ണം പറഞ്ഞ ക്ലാസിക് കൃതികളും എഴുത്തുകാരും തനിക്ക് മീതെ പറക്കാതിരിക്കാന്‍ ബദ്ധശ്രദ്ധനായി പദവികള്‍ക്ക് കാവലിരുന്ന കാലം. അധികാരത്തോട് ചേര്‍ന്നൊഴുകുന്നതാണ് സുഖകരമായ അനുഭവമെന്ന് കാഴ്ചക്കാര്‍ക്കൊക്കെയും തോന്നിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ചെയ്തികള്‍.
കേരളത്തിലെ സാംസ്‌കാരിക, സാമൂഹിക രംഗം വിവാദങ്ങള്‍ കൊണ്ട് കൊടുമ്പിരി കൊണ്ടപ്പോഴൊന്നും എംടി വായ തുറന്നില്ല. എഴുത്തിലോ പ്രസംഗത്തിലോ തന്റെ പേരും പ്രശസ്തിയും കേടാകും വിധം ഒന്നും പറയാന്‍ അദ്ദേഹം ഒരുമ്പെട്ടില്ല.
ദല്‍ഹിയിലെ നിര്‍ഭയ മുതല്‍ പെരുമ്പാവൂരിലെ ജിഷ വരെ, പയ്യന്നൂരില്‍ സക്കറിയയ്ക്ക് തല്ലുകൊണ്ടതുമുതല്‍ കോട്ടയ്ക്കലില്‍ ഒ.വി. വിജയന്റെ പ്രതിമ തല്ലിത്തകര്‍ത്തതുവരെ, മൂക്കറ്റം അഴിമതിയുടെ കയത്തില്‍വീണ് നാട് നാണംകെട്ടുനിന്നപ്പോള്‍, രാഷ്ട്രീയക്കൊലപാതകങ്ങള്‍കൊണ്ട് കേരളം ചേതനയറ്റുനിന്നപ്പോള്‍ വരെ സാംസ്‌കാരികനായകനെ എവിടെയും കേട്ടിട്ടില്ല. ഒ.വി. വിജയന്റെ പേര് ജ്ഞാനപീഠസമിതിക്കുമുന്നില്‍ വന്നപ്പോള്‍ പോലും കുശുമ്പുനിറഞ്ഞ മൗനമായിരുന്നു അദ്ദേഹത്തിനെന്ന് ആക്ഷേപമുള്ളതായും മുഖപ്രസംഗം പറയുന്നു.
രാമായണത്തിന്റെ ശീലുകള്‍ കേട്ടുണര്‍ന്നിരുന്ന ആചാര്യന്റെ മണ്ണില്‍ നിന്ന് രാമായണപാരായണം വിലക്കപ്പെട്ടത് എംടി തുഞ്ചന്‍പറമ്പ് ഭരിച്ച കാലത്തായിരുന്നു. നിലവിളക്ക് മുസ്ലീംലീഗിനുമാത്രമല്ല തുഞ്ചന്‍പറമ്പിനും ഹറാമായി മാറിയത് ആ കാലത്തായിരുന്നു. ഏത് ചൂതാട്ടക്കമ്പനിക്കാര്‍ക്കും തുഞ്ചന്‍പറമ്പ് വാടകയ്ക്ക് കൊടുത്ത് പണമുണ്ടാക്കാമെന്ന് കണ്ടുപിടിക്കപ്പെട്ടതും ആ കാലത്താണെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
അസുരവിത്തുകളുടെ പിടിയില്‍ നിന്ന് ആചാര്യന്റെ മണ്ണ് സ്വതന്ത്രമാക്കപ്പെടണമെന്ന് സംഘപരിവാര്‍ ആഗ്രഹിച്ചിട്ടുണ്ട്. മലയാളിക്ക് നവീകരിക്കപ്പെട്ട ഭാഷയെ സമ്മാനിച്ച തുഞ്ചത്തെഴുത്തച്ചനെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചുവെന്ന് കമാലുദ്ദീന്‍ ഇപ്പോള്‍ എംടിയെ ചാരി ആക്രോശിക്കുന്നത് ദേശീയഗാനവിവാദത്തില്‍ വാലു മുറിഞ്ഞതിന്റെ ഇച്ഛാഭംഗം തീര്‍ക്കുന്നതിനാണ്.
നവംബര്‍ എട്ടിന് നരേന്ദ്രമോദി നോട്ട് റദ്ദാക്കല്‍ പ്രഖ്യാപിച്ചതുമുതല്‍ കേരളത്തിലെ മാര്‍ക്‌സിസ്റ്റുകള്‍ നടത്തിയ കുപ്രചാരണങ്ങളുടെ ഭാഗമായുള്ള വേഷം കെട്ടലിന് എംടി വാസുദേവന്‍ നായര്‍ നിന്നുകൊടുത്തെങ്കില്‍ അത് വിമര്‍ശിക്കപ്പെടുക സ്വാഭാവികമാണ്.
എംടി വായ തുറന്നത് കാണുകയും കേള്‍ക്കുകയും ചെയ്ത മലയാളികള്‍ അമ്പരപ്പിലാണ്. പ്രൊഫ.എം.എന്‍. വിജയനെ വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും നോവിച്ചപ്പോള്‍ ഈ സാംസ്‌കാരിക നായകനെ കണ്ടില്ല. വിജയന്‍ മാഷ് മരിച്ചപ്പോള്‍ അദ്ദേഹം നല്ലൊരു വാധ്യാരായിരുന്നു എന്നാണ് പിണറായി വിജയന്‍ അനുസ്മരിച്ചത്. സി.വി. ബാലകൃഷ്ണനും പി. വത്സലയും കെ.സി. ഉമേഷ്ബാബുവുമൊക്കെ രാഷ്ട്രീയ അസഹിഷ്ണുതയ്ക്ക് ഇരയായപ്പോള്‍, തിലകനെ സിനിമയിലെ കമാലുദ്ദീന്മാര്‍ ബഹിഷ്‌കരിച്ചപ്പോള്‍. സുരേഷ്‌ഗോപിയെ നരാധമനായ നരേന്ദ്രമോദിയുടെ അടിമയെന്ന് അസഭ്യം പറഞ്ഞപ്പോള്‍, ദേശാടനത്തിനും നന്ദനത്തിനും വര്‍ഗീയത ആരോപിച്ച് പുരസ്‌കാരങ്ങള്‍ നിഷേധിച്ചപ്പോള്‍, പ്രേംനസീറിന് പ്രതിമ പാടില്ലെന്ന് മതമൗലിക ശക്തികള്‍ വാളെടുത്തപ്പോള്‍, ചേകന്നൂര്‍ മൗലവി അസ്തമിച്ചപ്പോള്‍, പ്രൊഫ.ടി.പി. ജോസഫിന്റെ കൈ വെട്ടിയെറിഞ്ഞപ്പോള്‍, പ്രൊഫ.പിഎന്‍. സരസുവിന് മാര്‍ക്‌സിസ്റ്റ് കുട്ടികള്‍ കലാലയ മുറ്റത്ത് പട്ടട തീര്‍ത്തപ്പോള്‍, മാറാട് കടപ്പുറത്ത് എട്ട് അരയന്മാര്‍ പിടഞ്ഞുവീണ് മരിച്ചപ്പോള്‍, എന്തിന് സാക്ഷാല്‍ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ തിരൂരിലെ ഏതോ സര്‍ക്കാര്‍ ഓഫീസിന്റെ മൂലയ്ക്ക് ചാക്കില്‍ പൊടി പിടിച്ച് കിടന്നപ്പോള്‍ പോലും ഒരക്ഷരം ഉരിയാടാത്ത ഈ മഹാ സാഹിത്യകാരന്‍ ഇപ്പോള്‍ പിണറായിയുടെ പാര്‍ട്ടിക്കുവേണ്ടി നാക്ക് വാടകയ്ക്ക് കൊടുത്തെങ്കില്‍ വിമര്‍ശനം സഹിക്കേണ്ടി വരും. വാക്ക് മാത്രമല്ല, എഴുത്തും പ്രവര്‍ത്തിയും രാഷ്ട്രീയവും വിമര്‍ശിക്കപ്പെടുമെന്നും ജന്മഭൂമി മുഖപ്രസംഗത്തില്‍ പറയുന്നു.
എംടി തിരക്കഥയെഴുതി ജോണ്‍പോള്‍ സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി എന്ന ചിത്രം തീയറ്റര്‍ കയറാതെ പെട്ടിക്കകത്തായിട്ട് അധിക വര്‍ഷമായില്ല. അതൊരു പാവം ചിത്രമായിരുന്നു എന്ന് എംടി വിലപിച്ചത് മലയാളം ഓര്‍ക്കുന്നുണ്ട്. മാക്ടയും ഫെഫ്കയുമായി അന്നും ഈ കമാലുദ്ദീന്‍ ഇവിടൊക്കെ തന്നെ ഉണ്ടായിരുന്നല്ലോ, അല്ലേ? എന്നും മുഖപ്രസംഗം ചൂണ്ടികാണിക്കുന്നു.