വിവാദ കാര്‍ട്ടൂണ്‍ പിന്‍വലിച്ച് ജന്മഭൂമി മാപ്പുപറയണം : ഡിവൈഎഫ്ഐ

തിരുവനന്തപുരം : മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച ജന്മഭൂമി ദിനപ്പത്രം പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ പിന്‍വലിച്ച് കേരളത്തോട് മാപ്പുപറയാന്‍ പത്ര മാനേജ്മെന്റ് തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ.

ജാതീയ സ്പര്‍ദ്ധ സൃഷ്ടിക്കുന്നതാണ് ഈ വിവാദ കാര്‍ട്ടൂണ്‍. ശബരിമല യുവതീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ തീവ്രമായ വര്‍ഗീയ ധ്രുവീകരണത്തിനും, ജാതീയ വേര്‍തിരിവ് സൃഷ്ടിക്കാനും സംഘപരിവാര്‍ ഗൂഡാലോചന നടത്തുകയാണ്. ഈ ശ്രമത്തിന്റെ ഭാഗമാണ് ജന്മഭൂമി പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍.

നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവരെ സംഘടിപ്പിച്ചു ഹൈന്ദവ ഏകീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറയുന്ന ബിജെപിയുടെ തനിനിറം അവരുടെ മുഖപത്രത്തിലൂടെ പുറത്തു വന്നിരിക്കുകയാണ്. ചെത്ത് തൊഴില്‍ ചെയ്യുന്ന വിഭാഗത്തെയാകെ അധിക്ഷേപിക്കുന്ന ബിജെപി മുഖപത്രം സാമുദായിക അധിക്ഷേപമാണ് നടത്തിയിരിക്കുന്നതെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.

സമൂഹത്തെ വിഭജിക്കാന്‍ നടത്തുന്ന സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതിരോധം തീര്‍ക്കണം. കാര്‍ട്ടൂണ്‍ പിന്‍വലിച്ച് പൊതുസമൂഹത്തോടു മാപ്പുപറയാന്‍ ജന്മഭൂമി മാനേജ്മെന്റും ബിജെപി നേതൃത്വവും തയ്യാറാകണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് എസ്.സതീഷും സെക്രട്ടറി എ.എ റഹിമും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

ബിജെപി മുഖപത്രമായ ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണില്‍ ആണ് മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചിരിക്കുന്നത്. വനിത മതിലില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ അവകാശ ലംഘന നോട്ടീസ് എന്ന വാര്‍ത്തയുമായി ബന്ധപ്പെട്ടതാണ് കാര്‍ട്ടൂണ്‍. തെങ്ങു കേറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം- എന്നായിരുന്നു കാര്‍ട്ടൂണിലെ വാചകം. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വലിയ പ്രതിഷേധം ആണ് ഉയരുന്നത്.

Top