അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് വേദിയായത് ഡല്‍ഹിയിലെ ജന്തര്‍ മന്ദര്‍ ആണ്. അഴിമതിയില്‍ മുങ്ങിയ യുപിഎ ഭരണകൂടത്തിന്റെ അന്ത്യം കുറിയ്ക്കാന്‍ ജനം ഒരുങ്ങിയത് അവിടെ നിന്നാണ്. ജന്തര്‍ മന്ദര്‍ വീണ്ടും പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രമായി മാറുമ്പോള്‍ കൂരമ്പുകള്‍ ഏറ്റുവാങ്ങുന്നത് മോദി സര്‍ക്കാരാണ്. പൗരത്വ നിയമം പാസാക്കിയതോടെയാണ് തലസ്ഥാന നഗരം പ്രതിഷേധങ്ങളില്‍ മുങ്ങുന്നത്.
നിരോധനാജ്ഞ ലംഘിച്ചാണ് പ്രതിഷേധക്കാര്‍ വന്‍തോതില്‍ തെരുവിലിറങ്ങുന്നത്. ചെങ്കോട്ടയ്ക്ക് സമീപം തമ്പടിച്ചാണ് പ്രതിഷേധം ആരംഭിച്ചത്. ഇവിടെ ചില രാഷ്ട്രീയ പാര്‍ട്ടികളും, സംഘടനകളുമാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ ആളുകളുടെ എണ്ണമേറിയതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിത്തുടങ്ങി. രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ ഇല്ലാത്തവര്‍ ജന്തര്‍ മന്ദറിലേക്കാണ് എത്തിയത്.
‘സിഎഎയില്‍ നിന്നും ആസാദി, എന്‍ആര്‍സിയില്‍ നിന്നും ആസാദി’ എന്ന മുദ്രാവാക്യമാണ് ദേശീയ പതാകകള്‍ ഉയര്‍ത്തി പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്. ഞായറാഴ്ച അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നടന്ന മാന്ദി ഹൗസിലും, ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയിലും പരിസരങ്ങളിലും നിരോധനാജ്ഞ തുടരുകയാണ്. 20 മെട്രോ സ്‌റ്റേഷനുകളാണ് ഡല്‍ഹി മെട്രോ റെയില്‍ അടച്ചിട്ടത്.
പല ഭാഗങ്ങളിലും ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഞായറാഴ്ച ആകുന്നതോടെ പ്രതിഷേധങ്ങള്‍ക്കായി കൂടുതല്‍ ആളുകള്‍ രംഗത്തിറങ്ങാനാണ് സാധ്യത. അവധിക്കാലം ആയതിനാല്‍ പൊതുജനങ്ങളും ധാരാളമായി എത്തിയാല്‍ ജന്തര്‍ മന്ദറില്‍ നിന്നും ഉയരുക മറ്റൊരു സമരകാഹളമാകും.