ജപ്പാനിലെ കമ്പനികളില്‍ ഇന്ത്യന്‍ എഞ്ചിനിയര്‍മാരുടെ ആവശ്യം വര്‍ധിക്കുന്നുവെന്ന്

നാഗസാക്കി:ജപ്പാനിലെ കമ്പനികളില്‍ ഇന്ത്യന്‍ എഞ്ചിനിയര്‍മാരുടെ ആവശ്യം വര്‍ധിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ എഞ്ചിനിയര്‍മാരെ നിയമിക്കാന്‍ ജപ്പാനിലെ നാഗസാക്കിയില്‍ നൂറോളം കമ്പനികള്‍ തയ്യാറാകുകയാണെന്ന് ജപ്പാനിലെ പ്രതിനിധികള്‍ അറിയിച്ചു.

ഷിപ്പിംഗ്, ഐടി, നിര്‍മാണം, സേവനമേഖലകള്‍, വ്യവസായ വാണിജ്യമേഖലകള്‍ തുടങ്ങിയ നിരവധി മേഖലകളില്‍ ഇന്ത്യന്‍ എഞ്ചിനിയര്‍മാര്‍ക്ക് നിരവധി അവസരങ്ങളാണ് ജപ്പാനീസ് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നതെന്ന് നാഗസാക്കി പ്രിഫെക്ച്വറല്‍ അസംബ്ലി മെമ്പര്‍ കിസുക്കെ യമാമോട്ടോ പറയുന്നു. ബംഗളുരു ചേംബര്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് കോമേഴ്‌സ് (ബി സി ഐ സി) സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജപ്പാന്‍ ആഭ്യന്തര വാണിജ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷിഗേക്കി മയേഡയാണ് ഇന്ത്യന്‍ എഞ്ചിനിയര്‍മാര്‍ക്ക് ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്. നാഗസാക്കി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 2000 കമ്പനികളില്‍ 93 കമ്പനികള്‍ ഇന്ത്യന്‍ എഞ്ചിനിയര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മേഖലയില്‍ വര്‍ധിച്ചുവരുന്ന സാങ്കേതിക വിദ്യയിലുണ്ടായ മാറ്റവും മനുഷ്യ വിഭവ മൂലധനത്തിന്റെ ദൗര്‍ലഭ്യവും കുറയ്ക്കാന്‍ ഇതു വഴി സാധിക്കുമെന്നാണ് കമ്പനി ഉടമകള്‍ പ്രതിക്ഷിക്കുന്നത്.

Top