ജപ്പാന്‍ : ജപ്പാനില്‍ കനത്ത മഴയിലും തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 200 കഴിഞ്ഞു. കാണാതായവര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. നദികള്‍ കരകവിഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ 20 ലക്ഷം ആളുകളോട് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.36 വര്‍ഷത്തിനിടെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് രാജ്യത്തുണ്ടായത്.
1982ന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ പ്രകൃതി ദുരന്തം ജപ്പാനിലുണ്ടാകുന്നത്. കഴിഞ്ഞയാഴ്ച മുതലാണ് കനത്ത മഴയെ തുടര്‍ന്ന് ജപ്പാനില്‍ വെള്ളപ്പൊക്കമുണ്ടായത്. വെള്ളപ്പൊക്കം കാരണം നിരവധി സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞും റോഡുകള്‍ തകര്‍ന്നും ഗതാഗതം തടസ്സപ്പെട്ടു. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. എഴുപതിനായിരത്തിലധികം വരുന്ന ഫയര്‍ഫോഴ്‌സ്, പട്ടാളം, പൊലീസ് എന്നിവരുള്‍പ്പെട്ട സംയുക്ത സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കം മൂലം നിരവധിയിടങ്ങളില്‍ മാലിന്യങ്ങള്‍ അടിഞ്ഞ് കൂടിയിട്ടുണ്ട്. ഇത് പകര്‍ച്ച വ്യാധിക്ക് കാരണമാകുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍. ക്യാംപുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
മരണ സംഖ്യ കൂടിയതിനു പുറമെ പലരുടെയും ആരോഗ്യനിലയും മോശമാണ്. ഒപ്പം വീണ്ടും വെള്ളപ്പൊക്കം ഉണ്ടാവാനുള്ള സാധ്യതയും കണക്കാക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ തുടരുന്ന ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. ഹിരോഷിമ, മോട്ടോയാമ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ കൂടുതല്‍ ദുരന്തം വിതച്ചത്. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഒക്യാമ മേഖലയിലെ പല ഭാഗങ്ങളും തടാകമായി മാറിയിരിക്കുകയാണ്. ജനങ്ങള്‍ കെട്ടിടത്തിന്റെ മുകള്‍ ഭാഗങ്ങളിലാണ് അഭയം തേടിയിരിക്കുന്നത്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ 50 ലക്ഷം ആളുകള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.