കൊലയാളി കൊറോണയെ തുരത്താന്‍ രോഗമുക്തരില്‍ നിന്ന് രക്തം എടുത്ത് പുതിയ മരുന്ന് !

ടോക്കിയോ: മനുഷ്യ ജീവനുകള്‍ കാര്‍ന്നെടുക്കുന്ന കൊലയാളി കൊറോണ ലോകത്താകമാനം ഭീതി പടര്‍ത്തുകയാണ്. വൈറസ് തടയാനുള്ള പ്രതിരോധ മരുന്നുകള്‍ കണ്ടെത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ല. ഇപ്പോഴിതാ കൊറാണാ വൈറസ് ഭേദമാക്കുന്നതിനുള്ള മരുന്നു വികസിപ്പിക്കാന്‍ ആരംഭിച്ചിരിക്കുകയാണ് ജാപ്പനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ടക്കേഡ ഫാര്‍മസ്യൂട്ടിക്കല്‍ കോ. കൊറോണ വൈറസ് ബാധിച്ചശേഷം ഭേദമായവരില്‍നിന്നുള്ള രക്ത സാംപിളുകള്‍ ശേഖരിച്ചാണ് കമ്പനി പരീക്ഷണം നടത്തുന്നത്.

വൈറസിനെ തടയാനുള്ള ആന്റി ബോഡി ഇവരില്‍ ഉല്‍പാദിക്കപ്പെട്ടിട്ടുണ്ടാകാം എന്നതിനാലാണ് ഇത്തരത്തിലൊരു മാര്‍ഗ്ഗം സ്വീകരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. പരീക്ഷണം പ്രാഥമിക ഘട്ടത്തിലാണെന്നും മറ്റു കമ്പനികളുടെ സഹായം തേടുമെന്നും ടക്കേഡ വ്യക്തമാക്കി.മരുന്ന് ഉടന്‍ വിപണിയില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ടക്കേഡാ വാക്‌സിന്‍ ബിസിനസ് മേധാവി രാജീവ് വെങ്കയ്യ പറഞ്ഞു.

പരീക്ഷണം സംബന്ധിച്ച് യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ വിവിധ ആരോഗ്യ സംഘനകളും ഏജന്‍സികളുമായും യുഎസ് കോണ്‍ഗ്രസിലെ അംഗങ്ങളുമായും ചര്‍ച്ച നടത്തുമെന്നു കമ്പനി അറിയിച്ചു.

പോളണ്ട്, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ചിലി , അര്‍ജന്റീന, ഫ്രാന്‍സിനു കീഴിലെ ഭാഗികസ്വയംഭരണ പ്രദേശമായ സെന്റ് ബാര്‍ടെലമി, യൂറോപ്പില്‍ ആല്‍പ്‌സ് മലനിരകളോടു ചേര്‍ന്നുള്ള ലിഷ്ട്ന്‍ഷ്‌റ്റൈന്‍ എന്നിവിടങ്ങളില്‍ കൂടി ഇന്ന് കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ വൈറസ് സ്ഥിരീകരിച്ച ആകെ രാജ്യങ്ങള്‍ 82. ചൈനയില്‍ ഉള്‍പ്പെടെ 90,000 ത്തോളം ആളുകള്‍ക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. 49,853 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 3000ത്തിലധികം ആളുകള്‍ മരണപ്പെടുകയും ചെയ്തു.

ജനുവരി 11നാണ് കോവിഡ്19 ബാധിച്ചുള്ള ലോകത്തിലെ ആദ്യ മരണം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി 13ന് ചൈനയ്ക്കു പുറത്ത് ആദ്യ കൊറോണ റിപ്പോര്‍ട്ട് ചെയ്തു തായ്ലന്‍ഡിലായിരുന്നു അത്.

Top