പ്രായമായി കട്ടിലിൽ കിടക്കുന്ന വൃദ്ധയുടെ മരണം ; പൊലീസ് സംശയത്തിന്റെ നിഴലിൽ തെരുവ് പൂച്ച

ടോക്കിയോ : അവശനിലയിൽ കട്ടിലിൽ കിടക്കുന്ന സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് ജാപ്പനീസ് പൊലീസ് സംശയിക്കുന്നത് തെരുവ് പൂച്ചയെ.

മയ്‌ക്കോ മാറ്റ്സ്യൂമോട്ടോ എന്ന വൃദ്ധയുടെ മരണത്തിലാണ് പൂച്ച പ്രതിയായിരിക്കുന്നത്.

തെക്കൻ ജപ്പാനിലാണ് സംഭവം. മാറ്റ്സ്യൂമോട്ടോയുടെ മകളാണ് തിങ്കളാഴ്ച വീടിനുള്ളിൽ അമ്മയെ രക്തസ്രാവം ഉണ്ടായി മരിച്ച നിലയിൽ കണ്ടത്. മാറ്റ്സ്യൂമോട്ടോയുടെ മുഖത്ത് ഏകദേശം 20 പാടുകൾ ഉണ്ടായിരുന്നു.

തുടർന്ന് പൊലീസ് എത്തുകയും, മുറിവുകൾ പരിശോധിക്കുകയും ചെയ്തു. കൊലപതകമാണെന്ന സംശയത്താൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അമ്മയെ കണ്ടപ്പോൾ അവരുടെ മുഖം രക്തത്തിൽ കുളിച്ചായിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും മകൾ പൊലീസിനോട് പറഞ്ഞു. 82 വയസ്സുള്ള മാറ്റ്സുമട്ടോ സംസാരിക്കാൻ ശേഷിയില്ലാതെ കിടപ്പിലായിരുന്നു.

സംശയിക്കുന്നതിനായി വീട്ടിൽ ആരും പ്രവേശിച്ചതിനോ,അവരെ ഉപദ്രവിച്ചതിനോ തെളിവുകൾ ലഭിച്ചില്ലെന്ന് എൻ.ടി.വി റിപ്പോർട്ട് ചെയ്തു.

പിന്നീടാണ് മാറ്റ്സ്യൂമോട്ടോയുടെ മുറിവുകൾ പൂച്ച ഉപദ്രവിച്ചത് പോലെയുള്ളതാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തുന്നത്. അതിനാൽ അവരുടെ വീടിന് സമീപത്തുള്ള പൂച്ചകളെയെല്ലാം നിരീക്ഷിക്കുകയാണെന്നും, പൂച്ചയുടെ ദേഹത്ത് മാറ്റ്സുമട്ടോയുടെ രക്തത്തിന്റെ കറ ഉണ്ടൊയെന്നും പരിശോധിക്കുന്നതായും രാജ്യത്തെ പ്രമുഖ മാധ്യമം നിഷിനാപിൻ ഷൈംബൺ പത്രം അറിയിച്ചു.

പൊലീസ് വക്താവ് സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. എന്നാൽ മാധ്യമ റിപ്പോർട്ടുകളെ കുറിച്ച് അന്വേഷണം നടത്തുന്നില്ലെന്ന് വ്യക്തമാക്കി.

റിപ്പോർട്ട് : രേഷ്മ പി.എം

Top