ജപ്പാനെ നടുക്കി ശക്തമായി ഭൂചലനവും മണ്ണിടിച്ചിലും; നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ട്

ടോക്യോ: ജെബി കൊടുങ്കാറ്റിന്റെ ഭീതിയൊഴിയും മുന്‍പേ ജപ്പാനെ നടുക്കി ശക്തമായി ഭൂചലനവും മണ്ണിടിച്ചിലും. ജപ്പാനിലെ വടക്കന്‍ ദ്വീപായ ഹൊക്കായ്‌ദോയില്‍ വ്യാഴാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 16 പേര്‍ മരിച്ചു. 26 പേരെ കാണാതായിട്ടുണ്ട്. 130 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മണ്ണിടിച്ചിലില്‍പ്പെട്ടാണ് കൂടുതല്‍ പേരും മരിച്ചത്.

കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വൈദ്യുതി- വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ക്ക് പുറമേ ഗതാഗതവും താറുമാറായിരിക്കുകയാണ്. രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച ആഞ്ഞടിച്ച ജെബി ചുഴലിക്കാറ്റില്‍ കനത്ത നഷ്ടമാണ് ജപ്പാനുണ്ടായത്. 11 പേരുടെ മരണത്തിനിടയാക്കിയ ജെബി ജപ്പാനില്‍ കാല്‍നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായിരുന്നു.

ശക്തമായ തിരമാലകള്‍ക്കും പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. മുന്നറിയിപ്പിനെ തുടര്‍ന്ന് അന്താരാഷ്ട്ര സര്‍വീസുകളടക്കം 600 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.

Top