ജാസ്മിന്‍ ഷായെ കുരുക്കിയവര്‍ക്ക് ഇനി ‘കുരുക്കാകും’ അവന്‍ ഇറങ്ങി !

തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടുക തന്നെ വേണം. എന്നാല്‍ പകപോക്കല്‍ ആര്‍ക്കും ഭൂഷണമല്ല. അത് തിരിച്ചടിക്കുക തന്നെ ചെയ്യും. യു.എന്‍.എ നേതാക്കളെ വേട്ടയാടിയതിന് പിന്നില്‍ പ്രത്യേക ‘അജണ്ട’ തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്കാര്യം വ്യക്തവുമാണ്. ക്രൈംബ്രാഞ്ചിന്റെ നിലപാടുകളും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നതാണ്. തൃശൂരില്‍ നടന്നതായി ക്രൈംബ്രാഞ്ച് തന്നെ സാക്ഷ്യപ്പെടുത്തുന്ന ക്രൈം എങ്ങനെയാണ് തിരുവനന്തപുരത്തേക്ക് മാറ്റപ്പെട്ടത് എന്ന് വിലയിരുത്തുന്നടത്ത് തന്നെയാണ് അട്ടിമറിയും തുടങ്ങിയിരിക്കുന്നത്. ആദ്യ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ ജാസ്മിന്‍ഷാക്കും സംഘത്തിനും അനുകൂലമായത് കൊണ്ടു മാത്രമാണ് അന്വേഷണവും മാറ്റപ്പെട്ടിരിക്കുന്നത്. ഇത് അസാധാരണ നടപടിയാണ്. തിരുവനന്തപുരത്ത് കേസന്വേഷണത്തിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥന്റെ സമീപനവും മുന്‍വിധിയോടെയുള്ളതായിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് ഈ ഉദ്യോഗസ്ഥനെതിരെ ഉയര്‍ന്നിരുന്നത്. ഇതേ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലമാറ്റപ്പെട്ടെങ്കിലും ഇയാള്‍ മുന്‍പ് നല്‍കിയ കേസ് ഡയറി തന്നെയാണ് ഇപ്പോഴും കോടതി മുന്‍പാകെ വന്നിരിക്കുന്നത്.

യു.എന്‍.എ നേതാക്കള്‍ക്ക് ജാമ്യം നിഷേധിക്കപ്പെടുവാന്‍ കാരണവും ഇതു തന്നെയാണ്. പുതിയ അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകള്‍ പുറത്ത് വരുന്നതോടെ മാത്രമേ യഥാര്‍ത്ഥ ചിത്രവും ഇനി വ്യക്തമാവുകയൊള്ളൂ. ഏത് കേസിലും പ്രതി കുറ്റക്കാരനാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. അതല്ലാതെ അന്വേഷണ ഉദ്യോഗസ്ഥരല്ല. ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ച ശേഷം നടക്കുന്ന കോടതി വിചാരണയില്‍ മാത്രമേ ഇക്കാര്യങ്ങള്‍ വ്യക്തമാവുകയൊള്ളൂ. ഈ നിയമ പോരാട്ടത്തിനാണ് റിമാന്റ് കഴിഞ്ഞ് പുറത്തിറങ്ങിയ ജാസ്മിന്‍ ഷായും സംഘവും ഇനി തയ്യാറാകേണ്ടത്. നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ തിരിച്ചും നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്. പ്രതിയാക്കിയവരെ പ്രതിയാക്കന്‍, അതിനും വകുപ്പുകളുണ്ട്. കോടതി വിധി അനുകൂലമായാല്‍ സിവിലായും ക്രിമിനലായും കേസ് കൊടുക്കാന്‍ ജാസ്മിന്‍ ഷാക്ക് കഴിയും. ആ അവസരം പ്രയോജനപ്പെടുത്താന്‍ യാഥാര്‍ത്ഥ്യം കോടതിയെ ബോധ്യപ്പെടുത്തിനാണ് പോരാടേണ്ടത്. ഇത്രയും കാര്യങ്ങള്‍ ഇവിടെ വ്യക്തമാക്കിയത് ക്രൈംബ്രാഞ്ചിന്റെ കള്ളക്കളിയില്‍ സംശയമുള്ളതിനാല്‍ തന്നെയാണ്.

ജാസ്മിന്‍ ഷയുടെയും യു.എന്‍.എയുടെയും ഭാഗത്ത് തെറ്റുകള്‍ ഇല്ലെന്ന് ഞങ്ങള്‍ പറയുന്നില്ല. പക്ഷേ അത് ഏത് സംഘടനയിലും ഉണ്ടാകാന്‍ സാധ്യതയുള്ള പിഴവുകള്‍ മാത്രമാണ്. ഇതിനെ ആ രൂപത്തില്‍ കാണാനാണ് മറ്റു സംഘടനകളും ശ്രമിക്കേണ്ടിയിരുന്നത്. എന്നാല്‍ അവസരം കിട്ടിയപ്പോള്‍ ഹോസ്പിറ്റല്‍ മുതലാളിമാരുടെ താല്‍പ്പര്യം പ്രതിഫലിപ്പിക്കാനാണ് സി.ഐ.ടി.യു അനുകൂല സംഘടനയും ശ്രമിച്ചിരിക്കുന്നത്. നാളെ തങ്ങള്‍ക്കും ഇതേ ഗതി വരുമോയെന്നത് ഈ സംഘടനാ നേതാക്കളും ചിന്തിക്കുന്നത് നല്ലതാണ്. പൊതുഖജനാവിന് നഷ്ടമുണ്ടാക്കുന്ന ഒരു അഴിമതിയും ഇവിടെ നടന്നിട്ടില്ല. യു.എന്‍.എ എന്ന സംഘടനയില്‍ നടന്ന സാമ്പത്തിക ഇടപാടുകള്‍ മാത്രമാണിത്. ഇവിടെ പരാതി നല്‍കിയതാകട്ടെ സംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയുമാണ്. പുറത്താക്കപ്പെട്ട വ്യക്തി സംഘടനയുടെ എതിരാളിയാവുക സ്വാഭാവികമാണ്.

മൂന്നരക്കോടിയുടെ അഴിമതിയെന്നാണ് ആദ്യം ആരോപിച്ചത്. ക്രൈംബ്രാഞ്ച് തന്നെ ഈ വാദം തള്ളിക്കളഞ്ഞിട്ടുമുണ്ട്. ഇപ്പോള്‍ അന്വേഷണം നടക്കുന്നത് 66,98,810 രൂപയുടെ ഇടപാട് മുന്‍ നിര്‍ത്തിയാണ്. ഇവിടെ വിരോധാഭാസം ഏത് സംഘടനയുടെ ഫണ്ട് വെട്ടിച്ചെന്നാണോ പറയുന്നത് ആ സംഘടന തന്നെ ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു എന്നതാണ്. ഈ കേസില്‍ 167 സാക്ഷികളുടെ മൊഴി എടുത്തപ്പോള്‍, 166 പേരും ജാസ്മിന്‍ ഷായെയും സംഘടന നേതൃത്വത്തെയും തള്ളിപ്പറഞ്ഞിട്ടില്ലന്നതും ഓര്‍ക്കണം. അന്വേഷണ ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തിയ കാര്യമാണിത്. എന്നാല്‍, സി.ഐ.ടി.യുവിലെ ഒരു വിഭാഗം ഈ വിഷയത്തില്‍ എടുത്ത നിലപാട് ഇരട്ടതാപ്പാണ്. സി.ഐ.ടി.യു യൂണിയന്റെ പകക്ക് പ്രധാന കാരണം യു.എന്‍.എ എന്ന സ്വകാര്യ സംഘടന കേരള നഴ്‌സിംങ് കൗണ്‍സിലിലേക്ക് നേടിയ വമ്പന്‍ വിജയമാണ്. കുത്തക സാമ്രാജ്യം തകരുമ്പോള്‍ നോവുന്നത് സ്വാഭാവികം തന്നെയാണ്. ഈ പരാജയത്തെ നേരിടേണ്ടത് നഴ്‌സുമാരുടെ വിശ്വാസം ആര്‍ജിച്ചാണ്. അതല്ലാതെ പ്രതികാരം ചെയ്തു കൊണ്ടല്ല.

നഴ്‌സിംങ്ങ് മേഖലയില്‍ സി.ഐ.ടി.യു യൂണിയന്‍ പിന്നിലായി പോയത് ആ സംഘടനയുടെ കഴിവ് കേടുകൊണ്ട് മാത്രമാണ്. നഴ്‌സുമാര്‍ നീതിക്കു വേണ്ടി തെരുവിലിറങ്ങിയപ്പോള്‍ മുഖം തിരിച്ചതിനുള്ള തിരിച്ചടിയാണിത്. ഇവിടെയാണ് യു.എന്‍.എ എന്ന സംഘടനയും അവരുടെ പോരാട്ടവും ശ്രദ്ധേയമാകുന്നത്. ഇതിനുള്ള പിന്തുണയാണ് നഴ്‌സിംങ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും പ്രകടമായിരിക്കുന്നത്. ഈ തോല്‍വിയെ സ്വയം വിമര്‍ശനപരമായി കാണാതെ പ്രതികാര മനോഭാവത്തോടെ കാണുന്നത് ചുവപ്പ് രാഷ്ട്രീയത്തിന് പറ്റിയ രീതിയല്ല. കേസില്‍ കുടുക്കിയും ജയിലിലടച്ചും ഒരു സംഘടനയെ തകര്‍ക്കാമെങ്കില്‍ ആദ്യം ഇവിടെ തകര്‍ക്കപ്പെടേണ്ടിയിരുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായിരുന്നു. ഇക്കാര്യവും അഭിനവ നേതാക്കള്‍ ഓര്‍ക്കുന്നത് നല്ലതാണ്. പൊലീസിനെ ഭരിക്കുന്നത് പിണറായി ആണെങ്കില്‍ എന്തും ചെയ്യാമെന്ന അഹന്ത ഒരു കമ്മ്യൂണിസ്റ്റിനും ഭൂഷണമല്ല. ജാസ്മിന്‍ ഷയുടെ കേസില്‍ തന്റെ ഓഫീസില്‍ നിന്നും അനാവശ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ പരിശോധന നടത്താന്‍ മുഖ്യമന്ത്രിയും ഉടന്‍ തയ്യാറാകണം.

ഈ കോവിഡ് കാലത്ത് നിരവധി സുപ്രധാന കേസുകളില്‍ ക്രൈംബ്രാഞ്ച് സ്വീകരിച്ചത് പ്രതികള്‍ക്ക് അനുകൂലമായ നിലപാടുകളാണ്. വെള്ളാപ്പള്ളി നടേശന്‍, സുഭാഷ് വാസു എന്നിവരുടെ കേസുകള്‍ ഇതിന് പ്രത്യക്ഷ ഉദാഹരണങ്ങളാണ്. വെള്ളാപ്പള്ളി നടേശനെ ഇതുവരെയും അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല. കോടികളുടെ തട്ടിപ്പാണ് വെള്ളാപ്പള്ളിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. നിരവധി കേസുകളും ഈ സമുദായ നേതാവിനെതിരെ നിലവിലുണ്ട്. ബെനറ്റ് എബ്രഹാമിനെതിരെയും ഗുരുതര സ്വഭാവമുള്ള കേസാണുള്ളത്. കാരക്കോണം മെഡിക്കല്‍ കോളജിന്റെ പേരില്‍ കോടികളുടെ അഴിമതിയാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. 28 ഓളം കേസുകള്‍ ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. കിംസ് ആശുപത്രിയുടെ മുതലാളിക്കെതിരെയും ക്രൈംബ്രാഞ്ചില്‍ കേസുണ്ട്. എന്നാല്‍ ഇയാള്‍ക്കെതിരെയും അറസ്റ്റും തുടര്‍ നടപടിയും ഒന്നും ഉണ്ടായിട്ടില്ല. ഇതു പോലെ ചൂണ്ടിക്കാണിക്കാന്‍ നിരവധി ഉദാഹരണങ്ങള്‍ ഇനിയുമുണ്ട്.

തിരഞ്ഞ് പിടിച്ച് യു.എന്‍.എ നേതാക്കളെ മാത്രമാണ് ക്രൈംബ്രാഞ്ചിപ്പോള്‍ കുടുക്കിയിരിക്കുന്നത്. ഉടന്‍ ജാമ്യം ലഭിക്കാതിരിക്കാന്‍ ഇടപെടലുകളുണ്ടായി എന്ന ആരോപണങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ക്രൈംബ്രാഞ്ചിന്റെ കോടതിയിലെ നിലപാട് തന്നെ ഇതിന് തെളിവാണ്. ഇതെന്ത് നീതിയാണെന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് ഇനി സര്‍ക്കാറാണ്. നഴ്‌സിങ്ങ് സമൂഹം അത് ശരിക്കും ആഗ്രഹിക്കുന്നുമുണ്ട്. ഈ സംഭവത്തോടെ ശരിക്കും പ്രതിരോധത്തിലായിരിക്കുന്നത് സര്‍ക്കാറാണ്. ‘പ്രതിരോധത്തിലാക്കി’ എന്നു പറയുന്നതാവും കൂടുതല്‍ ശരി. വിശ്വാസം അര്‍പ്പിച്ചവര്‍ ചതിച്ചത് കൊണ്ടാണ് പിണറായിയും ഇപ്പോള്‍ വേട്ടയാടപ്പെടുന്നത്. ശിവശങ്കരന്‍ എന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ആദ്യം പിണറായിക്ക് വില്ലനായത്. ഇത്തരം ‘വില്ലന്‍മാര്‍’ ഇനിയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ അവശേഷിക്കപ്പെടുന്നുണ്ടോ എന്നതും പിണറായി തന്നെയാണ് പരിശോധിക്കേണ്ടത്. പകപോക്കല്‍ സംബന്ധമായി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കാന്‍ യു.എന്‍.എ നേതാക്കളും തയ്യാറാവണം. ഇക്കാര്യത്തില്‍ ആഭ്യന്തര അന്വേഷണം എന്തായാലും അനിവാര്യം തന്നെയാണ്.

Top