രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും. ഫെബ്രുവരി 23 മുതല്‍ റാഞ്ചിയിലാണ് നാലാം ടെസ്റ്റ്. തുടര്‍ച്ചയായ മത്സരങ്ങളില്‍ കളിക്കേണ്ടി വരുന്നതിനാലാണ് താരത്തിന് വിശ്രമം നല്‍കാന്‍ ആലോചിക്കുന്നത്. പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്നായി ബുംറ 17 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. എന്നാല്‍ പരമ്പരയില്‍ ഇംഗ്ലണ്ടിന് ഇനിയും തിരിച്ചുവരവിന് സാധ്യതയുണ്ടെന്ന് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് പ്രതികരിച്ചു. അഞ്ച് മത്സരം കഴിയുമ്പോള്‍ 3-2ന് ഇംഗ്ലണ്ട് വിജയിക്കുമെന്നും സ്റ്റോക്‌സ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ബുംറയ്ക്ക് പകരക്കാരനായി മുകേഷ് കുമാര്‍ ടീമില്‍ ഉള്‍പ്പെട്ടേക്കും. മൂന്നാം ടെസ്റ്റില്‍ ടീമില്‍ നിന്നൊഴിവാക്കപ്പെട്ട മുകേഷ് കുമാറിനോട് രഞ്ജി കളിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. മധ്യനിര ബാറ്റര്‍ കെ എല്‍ രാഹുലും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയേക്കും. എങ്കില്‍ മോശം ഫോമിലുള്ള രജത് പാട്ടിദാറിനാവും സ്ഥാനം നഷ്ടമാകുക.