ന്യൂഡല്‍ഹി: പിന്നാക്ക സംവരണമാവശ്യപ്പെട്ട് ജാട്ട് വിഭാഗക്കാര്‍ നടത്തുന്ന സമരം കൂടുതല്‍ അക്രമാസക്തമാകുന്നു. ഹരിയാനയില്‍ റോഡ്, റയില്‍ ഗതാഗതം നിലച്ചതോടെ സംസ്ഥാനം ഏറെക്കുറെ ഒറ്റപ്പെട്ടു.
പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അക്രമാസക്തരായ പ്രക്ഷോഭകരെ തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കുമേറ്റിട്ടുണ്ട്.
സംഘര്‍ഷം നേരിടാന്‍ നിലവിലെ 33 യൂണിറ്റുകള്‍ക്ക് പുറമേ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സൈന്യത്തെ ഇറക്കും. സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹരിയാന മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപിന്ദര്‍ സിങ് ഹൂഡ ഡല്‍ഹിയില്‍ ഇന്ന് ധര്‍ണ്ണ നടത്തും.
ജാട്ട് പ്രക്ഷോഭത്തിന്റെ കേന്ദ്ര ബിന്ദുവായ റോത്തക്ക് കലാപഭൂമിയായി മാറി. ഹരിയാനയുടെ വിവധഭാഗങ്ങളില്‍ നിന്നും ആളുകള്‍ റോത്തക്കിലേക്കും സമീപപ്രദേശങ്ങളിലേക്കും പ്രക്ഷോഭത്തിനായി എത്തിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയെയടക്കം ബന്ധിപ്പിക്കുന്ന റോഡുകളെല്ലാം സമരക്കാര്‍ ഉപരോധിക്കുന്നു. 9 ജില്ലകളില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. റോത്തക്കിലടക്കം മൂന്നിടങ്ങളില്‍ നിരോധനാജ്ഞ തുടരുന്നു.
സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. പൊലീസിന്റെയും സുരക്ഷസേനയുടെയും വെടിവെയ്പ്പില്‍ ഇതുവരെ നാല് പേര്‍ കൊല്ലപ്പെട്ടു. 129 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിന്നാക്ക സംവരണം അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നുവെന്നും സമരം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചെങ്കിലും പിന്‍വാങ്ങാന്‍ ജാട്ട് വിഭാഗക്കാര്‍ തയ്യാറായിട്ടില്ല.