ഹരിയാന: പിന്നോക്ക സംവരണം ആവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ട് സമുദായം നടത്തിയ പ്രക്ഷോഭത്തിനിടെ കൂട്ടബലാത്സംഗം നടന്നുവെന്ന ആരോപണം നിഷേധിച്ച് ഹരിയാന സര്‍ക്കാര്‍.
വിഷയത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പഞ്ചാബ്,ഹരിയാന ഹൈക്കോടതികള്‍ക്ക് സമര്‍പ്പിച്ചു. പ്രക്ഷോഭ സമയത്ത് ഏഴ് പുരുഷന്‍മാര്‍ ചേര്‍ന്ന് മുര്‍ത്താലില്‍ വെച്ച്, തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന ഡല്‍ഹി സ്വദേശിയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
മൂന്ന് സ്ത്രീകള്‍ അടങ്ങിയ പ്രത്യേക അന്വേഷണ സംഘത്തെയാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ നിയോഗിച്ചത്. സംഘം നടത്തിയ അന്വഷണത്തില്‍ ആരോപിക്കപ്പെട്ട തരത്തില്‍ ഒരു സംഭവം നടന്നിട്ടില്ലെന്ന് തെളിഞ്ഞതായി സര്‍ക്കാര്‍ വ്യക്തമാക്കി.
ജാട്ട് പ്രക്ഷോഭവുമായി സ്ത്രീയുടെ ആരോപണത്തിന് യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണ സംഘത്തിന്റെയും പോലീസിന്റെയും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ അഭിഭാഷകനായ അനുപം ഗുപ്തയെ കോടതി അമിക്കസ്‌ക്യൂറിയായി നിയമിച്ചിട്ടുണ്ട്. കേസിന്റെ പൂര്‍ണ്ണ അന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് 14 നകം സമര്‍പ്പിക്കണമെന്നും അന്വേഷണ സംഘത്തോട് കോടതി നിര്‍ദ്ദേശിച്ചു.