റോത്തക്ക് : സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗം നടത്തുന്ന പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ ഹരിയാനയിലെ റോത്തക്ക്, ഭിവാനി എന്നിവിടങ്ങളില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ പോലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
പ്രക്ഷോഭക്കാര്‍ റോഡ് ഉപരോധിച്ചിരിക്കുന്നതിനാല്‍ സൈന്യം ഹെലികോപ്റ്റര്‍ വഴിയാണ് പ്രക്ഷോഭമേഖലയിലേക്ക് എത്തിച്ചേരുന്നത്.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കി. അക്രമത്തെ തുടര്‍ന്ന് ഹരിയാന വഴി കടന്നുപോകുന്ന 500 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്..
ഇന്നലെ അര്‍ദ്ധരാത്രി പ്രക്ഷോഭകര്‍ ബി.ജെ.പി എം.പി രാജ്കുമാര്‍ സൈനിയുടെ വീടിന് നേരെ ആക്രമണം നടത്തിയിരുന്നു. മൂന്ന് ബസുകള്‍ക്കും ടോള്‍ ബൂത്തിനും ഇവര്‍ തീയിട്ടു. കഴിഞ്ഞ ദിവസം ജാട്ട് വിഭാഗക്കാര്‍ നടത്തിയ പ്രക്ഷോഭത്തിനിടെയുണ്ടായ പോലീസ് വെടിവെയ്പ്പില്‍ മൂന്നുപേര്‍ മരിച്ചിരുന്നു.
ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിന്റെ വീട് പ്രക്ഷോഭകര്‍ ആക്രമിച്ചു. പൊലീസിന്‍േറതടക്കം നിരവധി വാഹനങ്ങളും ഒരു മാളും തീവെക്കുകയും തകര്‍ക്കുകയും ചെയ്തു. ക്രമസമാധാനപാലനത്തിന് കൂടുതല്‍ കേന്ദ്രസേനക്കുപുറമെ സൈന്യത്തെയും വിളിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി എന്നിവര്‍ സ്ഥിതി വിലയിരുത്തി.
സംഘര്‍ഷം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കു കൂടി വ്യാപിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ അദ്ധ്യക്ഷതയില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു. കഴിഞ്ഞ ദിവസം ജാട്ട് സമുതായ നേതാക്കളുമായി സംസരണവിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ അനുനയന ചര്‍ച്ച പരാജയപ്പെട്ടിരുന്നു.