ന്യൂഡല്‍ഹി: ജാട്ട് വിഭാഗക്കാര്‍ക്ക് ഒബിസി സംവരണം നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ഇതിനായി കേന്ദ്രമന്ത്രി പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തില്‍ ഉന്നതാധികാരസമിതി രൂപീകരിയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഹരിയാനയില്‍ സംവരണപ്രക്ഷോഭത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ മരണം പത്തായി.
സംഘര്‍ഷക്കാര്‍ ദില്ലി ഹരിയാന അതിര്‍ത്തിയിലുളള മുനാക് കനാലില്‍ നിന്നുളള പൈപ്പുകള്‍ തകര്‍ത്തതിനെത്തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള കുടിവെളളവിതരണം പൂര്‍ണമായും മുടങ്ങി.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഒബിസി സംവരണമാവശ്യപ്പെട്ട് ഹരിയാനയിലെ ജാട്ട് വിഭാഗക്കാര്‍ സമരം തുടങ്ങിയത്. പ്രക്ഷോഭം കലാപത്തിലേയ്ക്ക് വഴിമാറിയതിനെത്തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് തന്നെ വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്.
രാജ്‌നാഥ് സിംഗ് വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തില്‍ ജാട്ട് സംഘര്‍ഷ് സമിതി നേതാക്കള്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കുമൊപ്പം കരസേനാമേധാവി ധല്‍ബീര്‍ സിംഗ് സുഹാഗ്, കേന്ദ്ര ആഭ്യന്തരസെക്രട്ടറി രാജീവ് മെഹ്‌റിഷി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവരും പങ്കെടുത്തു. സംവരണം ലഭിയ്ക്കുമെന്ന് ഉറപ്പ് ലഭിയ്ക്കാതെ സമരം പിന്‍വലിയ്ക്കില്ലെന്ന് സമരസമിതി നേതാക്കള്‍ നിലപാടെടുത്തതോടെയാണ് കേന്ദ്രസര്‍ക്കാര്‍ വഴങ്ങിയത്.
ഹരിയാനയിലെ ഝജ്ജറിലും കൈതാളിലും ഇന്ന് രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടതോടെ സംഘര്‍ഷത്തില്‍ ഇതു വരെ മരിച്ചവരുടെ എണ്ണം പത്തായി. സ്ഥിതി നിയന്ത്രിയ്ക്കാന്‍ പതിമൂന്ന് കോളം കേന്ദ്രസേനയെക്കൂടി സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. എംഐ ഹെലികോപ്റ്ററുകള്‍ വഴി സംഘര്‍ഷബാധിതപ്രദേശങ്ങളില്‍ നിന്നുളള ആളുകളെ വ്യോമസേന ഒഴിപ്പിയ്ക്കുകയാണ്.