Jatt protest; Hariyana on alert, Military forces deployed

ചണ്ഡീഗഡ്: സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ രംഗത്തും സംവരണം ആവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ട് വിഭാഗക്കാര്‍ രണ്ടാം ഘട്ട പ്രക്ഷോഭം ആരംഭിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത. ഇതേ ആവശ്യമുന്നയിച്ച് ജാട്ട് വിഭാഗക്കാര്‍ ഫിബ്രവരിയില്‍ നടത്തിയ പ്രക്ഷോഭത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും കനത്ത നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയിതിരുന്നു.

15 ദിവസം നീളുന്ന പ്രതിഷേധത്തില്‍ അക്രമങ്ങള്‍ക്ക് തടയിടാന്‍ 55 കമ്പനി പാരാമിലിട്ടറി ഫോഴ്‌സിനെയാണ് വിന്യസിച്ചിട്ടുള്ളത്. ഛജ്ജര്‍, സോണിപത്, റോത്തക്, പാണിപത്, ഫത്തേഹാബാദ്, ജിന്ദ്, കേത്തല്‍ എന്നീ ജില്ലകളില്‍ ദേശീയ പാതകളിലുള്‍പ്പെടെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സോണിപതിലും റോത്തക്കിലും ഇനി ഒരറിയിപ്പുണ്ടാവുന്നതുവരെ മൊബൈല്‍ ഇന്റര്‍നെറ്റിന്റെയും, എസ്.എം.എസിന്റെയും ഉപയോഗം നിര്‍ത്തലാക്കി.

സംസ്ഥാനത്ത് 15 ഇടങ്ങളിലായാണ് ഓള്‍ ഇന്ത്യ ജാട്ട് അരക്ഷണ്‍ സംഘര്‍ഷ് സമിതി പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. പ്രതിഷേധത്തിന്റെ ആദ്യ ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ദേശീയ പാതകളോ, റെയില്‍വേ സ്റ്റേ്ഷനുകേളാ ഉപരോധിക്കില്ലെന്ന് പ്രതിഷേധക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം പ്രതിഷേധത്തിന്റെ രീതി മാറ്റുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കി.

Top