റോത്തക്ക്: പ്രക്ഷോഭങ്ങളുടെ കുത്തൊഴുക്കിന് ശേഷം ജാട്ട് സമുദായത്തിന് പ്രത്യേക സംവരണം നല്‍കാനുള്ള ബില്ലിന് ഹരിയാന മന്ത്രിസഭ അംഗീകാരം നല്‍കി.
ശക്തമായ സംവരണ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന സമരസമിതിയുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഇന്ന് ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് തീരുമാനം.
ഈ നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതു വരെ അതിനുള്ള നടപടി ഇല്ലാതിരുന്നതിനാലാണ് വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.
വ്യാപക അക്രമവും തീവയ്പും കൊള്ളയുമാണ് പത്ത് ദിവസത്തിലധികം നീണ്ട ജാട്ട് സംവരണ പ്രക്ഷോഭത്തില്‍ അരങ്ങേറിയത്.
ജാട്ട് സംവരണവുമായി ബന്ധപ്പെട്ട് നടന്ന ആക്രമണങ്ങളില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് റോത്തക്ക് ജില്ലയെയാണ്. ഏതാണ്ട് 34,000 കോടിയുടെ നഷ്ടമാണ് റോത്തക്കില്‍ മാത്രം കണക്കാക്കപ്പെടുന്നത്.