ഇന്ത്യയുടെ ആത്മാവ് അനശ്വരമാണെന്നും താത്കാലിക സംഭവവികാസങ്ങള്‍ക്ക് തകര്‍ക്കാനാകില്ലെന്നും പദ്മഭൂഷന്‍ ജേതാവ് ജാവേദ് അക്തര്‍. ഏതാനും തിരഞ്ഞെടുപ്പുകള്‍ക്കും വിരലിലെണ്ണാവുന്ന വ്യക്തികള്‍ക്കും രാജ്യത്തിന്റെ പുരാതന സംസ്‌കാരത്തെ മാറ്റിമറിക്കാനാകില്ലെന്നും ജാവേദ് കൂട്ടിച്ചേര്‍ത്തു.ഒന്‍പതാമത് അജന്ത എല്ലോറ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിലെ അഭിമുഖത്തിലാണ് ജാവേദിന്റെ വാക്കുകള്‍. സംവിധായകനായ ജയപ്രദ് ദേശായിയായിരുന്നു അഭിമുഖം നടത്തിയത്.
എല്ലോറ ഗുഹകള്‍ സന്ദര്‍ശിച്ച അനുഭവത്തെക്കുറിച്ചും അക്തര്‍ അഭിമുഖത്തില്‍ വിവരിച്ചു. ”ഗുഹയിലെ ശില്‍പ്പങ്ങള്‍ എന്നെ ഏറെ ആകര്‍ഷിച്ചു, നേരത്തെ സന്ദര്‍ശിക്കേണ്ടതായിരുന്നു. ഈ കലാസൃഷ്ടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പണത്തിന് വേണ്ടിയല്ല അഭിനിവേശം കൊണ്ടാണ്. അവരുടെ അഭിനിവേശത്തിന്റേയും സ്ഥിരോത്സാഹത്തിന്റേയും ഒരു അംശമെങ്കിലുമുണ്ടായിരുന്നെങ്കില്‍ നമുക്ക് ഈ രാജ്യം സ്വര്‍ഗമാക്കി മാറ്റാമായിരുന്നു,” ജാവേദ് പറഞ്ഞു.”ഭാഷ ആശയവിനിമയത്തിനുള്ള മാര്‍ഗം മാത്രമല്ല. ഒരു ജനതയെ അവരുടെ ഭാഷയില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുന്നത് മരത്തിന്റെ വേര് അറക്കുന്നതിന് സമാനമാണ്. നമുക്ക് ഭാഷ നഷ്ടമായാല്‍ സംസ്‌കാരവും നഷ്ടമായെന്നാണ് അര്‍ത്ഥം. നിര്‍ഭാഗ്യവശാല്‍ ഭാഷയുടെ പ്രധാന്യമറിയാത്തവരാണ് ഇന്ന് അതിനെക്കുറിച്ച് തീരുമാനമെടുക്കുന്നത്,” ജാവേദ് പറയുന്നു.
അറുപതുകളിലെ ചിത്രങ്ങളിലെ നായകന്മാര്‍ സാധാരണ പശ്ചാത്തലത്തില്‍ നിന്ന് വരുന്നവരായിരുന്നെന്നും ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇന്നത്തെ ചിത്രങ്ങളിലെ സുപ്രധാന കഥാപാത്രങ്ങളെല്ലാം സമ്പന്നകുടുംബങ്ങളില്‍ നിന്നുള്ളവരാണ്. രാജ്യത്തിന്റെ രാഷ്ട്രീയ സമൂഹിക സാഹചര്യങ്ങളുമായി അവര്‍ക്ക് ബന്ധമില്ല. അതിനാല്‍ ഇന്നത്തെ ചിത്രങ്ങള്‍ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങള്‍ കൈകാര്യ ചെയ്യുന്നില്ല, പകരം വ്യക്തികേന്ദ്രീകൃത കഥകളാണ് പറയുന്നെതെന്നും ജാവേദ് വ്യക്തമാക്കി.