കറാച്ചി: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിക്കാന്‍ സുരക്ഷാ കാരണങ്ങളാല്‍ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന നിലപാടെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ബിസിസിഐക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് നായകന്‍ ജാവേദ് മിയാന്‍ദാദ്. 2012ലും 2016ലും ഇന്ത്യയിലേക്ക് ക്രിക്കറ്റ് കളിക്കാന്‍ പോയ പാക്കിസ്ഥാന്‍ ടീം ലോകകപ്പ് കളിക്കാനായാല്‍ പോലും ഇനി പോകരുതെന്ന് മിയാന്‍ദാദ് പറഞ്ഞു.
താനായിരുന്നു കാര്യങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ ലോകകപ്പില്‍ കളിക്കാന്‍ പാക്കിസ്ഥാന്‍ ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ലെന്നും പാക്കിസ്ഥാന്‍ പോയില്ലെങ്കിലും ഒന്നും സംഭവിക്കാനില്ലെന്നും മിയാന്‍ദാദ് വ്യക്തമാക്കി. 2012ലും 2016ലും നമ്മള്‍ ഇന്ത്യയിലേക്ക് പോയില്ലെ. ഇനി അവരുടെ ഊഴമാണ്. ഇവിടെ വന്ന് കളിക്കട്ടെ. ഇന്ത്യയില്‍ പോയി കളിക്കാന്‍ നമ്മളെപ്പോഴും തയാറാണ്. എന്നാല്‍ അവര്‍ ഒരിക്കലും ഇവിടെ വന്ന് കളിക്കാന്‍ തയാറല്ല. ഇന്ത്യന്‍ ക്രിക്കറ്റിനെക്കാള്‍ വലുതാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ്. തുടര്‍ച്ചയായി നിലവാരമുള്ള കളിക്കാരെ സൃഷ്ടിക്കാന്‍ പാക് ക്രിക്കറ്റിനായിട്ടുണ്ട്. അതുകൊണ്ടുതന്നെ നമ്മള്‍ ഇന്ത്യയിലേക്ക് ലോകകപ്പ് കളിക്കാന്‍ പോയില്ലെങ്കിലും ഒന്നും സംഭവിക്കില്ല-മിയാന്‍ദാദ് പറഞ്ഞു.
ഞാനെല്ലായ്പ്പോഴും പറയാറുള്ളത് നമുക്ക് നമ്മുടെ അയല്‍ക്കാരെ തെരഞ്ഞെടുക്കാനാവില്ലെന്നതാണ്. പരസ്പര സഹകരണമാണ് വേണ്ടത്. ക്രിക്കറ്റ് അതിന് മികച്ച ഉപാധിയാണ്. പരസ്പരമുള്ള ആശങ്കകളും ഭിന്നതകളും പരിഹരിക്കാന്‍ ക്രിക്കറ്റിനാവുമെന്നും മിയാന്‍ദാദ് പറഞ്ഞു.
2008ലെ ഏഷ്യാ കപ്പില്‍ കളിക്കാനായാണ് ഇന്ത്യ അവസാനമായി പാക്കിസ്ഥാനിലെത്തിയത്. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായി നടക്കുന്ന ഏഷ്യാ കപ്പ് പാക്കിസ്ഥാനിലായിരുന്നു നടക്കേണ്ടിയിരുന്നതെങ്കിലും ഇന്ത്യ കളിക്കില്ലെന്ന നിലപാടെടുത്തതോടെ ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലിലേക്ക് മാറ്റിയിരുന്നു. ഇതനുസരിച്ച് ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലാണ് കളിക്കുക. എന്നാല്‍ ഏഷ്യാ കപ്പിന് ടീമിനെ അയക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയ സാഹചര്യത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡും ശക്തമായ നിലപാടെടുക്കേണ്ട സമയമാണിതെന്നും മിയാന്‍ദാദ് പറഞ്ഞു.