സ്പെയിനിലെ പ്രൊഫഷണല്‍ ഫുട്ബോള്‍ ലീഗിനെ നിയന്ത്രിക്കുന്ന ലാലിഗയെ നയിക്കാന്‍ വീണ്ടും ഹാവിയര്‍ ടെബാസ്

മഡ്രിഡ്: സ്പെയിനിലെ പ്രൊഫഷണല്‍ ഫുട്ബോള്‍ ലീഗിനെ നിയന്ത്രിക്കുന്ന ലാലിഗയെ നയിക്കാന്‍ വീണ്ടും ഹാവിയര്‍ ടെബാസ്. ടെബാസ് നാലാംതവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ്സ്ഥാനത്തേക്ക് ഇത്തവണ ടെബാസിന് എതിരുണ്ടായിരുന്നില്ല. കാലാവധി അവസാനിക്കുംമുമ്പ് രാജിവെച്ചാണ് ടെബാസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

2013-ലാണ് ആദ്യമായി ടെബാസ് ലാലിഗയുടെ തലപ്പത്തെത്തിയത്. 2019-ല്‍ മൂന്നാം തവണയും പ്രസിഡന്റായി. യൂറോപ്യന്‍ സൂപ്പര്‍ ലീഗ് വിഷയത്തില്‍ യൂറോപ്യന്‍ കോടതിയുടെ വിധി ഡിസംബര്‍ 25-ന് വരാനിരിക്കെയാണ് ടെബാസ് വീണ്ടും സ്പാനിഷ് ഫുട്ബോളിനെ നിയന്ത്രിക്കാനെത്തുന്നത്.

ലാലിഗയിലെ വമ്പന്‍ക്ലബ്ബുകളായ റയല്‍ മഡ്രിഡിനും ബാഴ്സലോണയ്ക്കും അനഭിമതനാണെങ്കിലും ചെറുകിട ക്ലബ്ബുകളുടെ പിന്തുണയാണ് ടെബാസിന്റെ കരുത്ത്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ടെബാസിന്റെ മൂന്നാം ടേമില്‍ ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളുമുണ്ടായി. അതിനെയെല്ലാം മറികടക്കാന്‍ അഭിഭാഷകന്‍കൂടിയായ 61-കാരന് കഴിഞ്ഞു.

 

Top