‘ജവാന്‍’ ഓഡിയോ ലോഞ്ച് ചെന്നൈയില്‍; ഓഗസ്റ്റ് 30ന്

ചെന്നൈ: ഷാരൂഖ് ഖാന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ജവാന്‍’. അറ്റ്‌ലിയാണ് ‘ജവാന്‍’ സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി, നയന്‍താര അടക്കം വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്. ദീപിക പാദുകോണ്‍ ചിത്രത്തില്‍ ഒരു ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്.

ഇപ്പോള്‍ ചിത്രത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു അപ്‌ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. ചെന്നൈയില്‍ ആയിരിക്കും ജവാന്റെ ഓഡിയോ ലോഞ്ച് നടക്കുക എന്നാണ് വിവരം. ഓഗസ്റ്റ് 30നായിരിക്കും ചടങ്ങ്. ഷാരൂഖ് ഖന്‍, നയന്‍താര, അനിരുദ്ധ് അടക്കം എല്ലാവരും ചടങ്ങിന് എത്തിയേക്കും. തമിഴിലെ മുന്‍നിര താരങ്ങളെയും ചടങ്ങിന് പ്രതീക്ഷിക്കുന്നുണ്ട് എന്നാണ് വിവരം.

ഫിലിം ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ഈ കാര്യം സ്ഥിരീകരിക്കുന്നത്. ഷാരൂഖിന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്‌മെന്റാണ് ജവാന്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പ്രിവ്യൂ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇറങ്ങിയ രണ്ട് ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു. സെപ്തംബര്‍ ഏഴിനാണ് ചിത്രം ആഗോള വ്യാപകമായി തീയറ്ററുകളില്‍ എത്തുന്നത്. ഏതാണ്ട് 300 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം. ഷാരൂഖിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായ പഠാന്റെ ബജറ്റ് 250 കോടിയാണ്.

അറ്റ്‌ലിയും ഷാരൂഖും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ‘ജവാന്‍’. ജി കെ വിഷ്ണുവാണ് ഷാരൂഖ് ചിത്രത്തിന്റെ ഛായാഗ്രാഹണം.ഷാരൂഖ് ഖാന്‍ ‘ജവാന്‍’ എന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ‘റോ’യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്.

Top