പ്രഖ്യാപന സമയം മുതല്‍ ഏറെ പ്രതീക്ഷ ഉണര്‍ത്തിയ ചിത്രമായിരുന്നു ജവാന്‍. തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ആറ്റിലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം എന്നത് തന്നെ ആയിരുന്നു അതിന് പ്രധാന കാരണം. ഒപ്പം തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നായികയായി എത്തുന്ന ആദ്യ ബോളിവുഡ് ചിത്രവും.ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലനായി എത്തുന്നത്.ഷാരൂഖ് ഖാന്‍ തെന്നിന്ത്യന്‍ സ്റ്റൈലിന്‍ നിറഞ്ഞാടുന്നത് കാണാന്‍ കാത്തിരുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് കഴിഞ്ഞ ദിവസം ജവാന്‍ എത്തി.
‘പഠാന്’ ശേഷം ബോക്‌സ്ഓഫിസില്‍ ‘ജവാനു’മായി ഷാറുഖ് ഖാന്റെ തേരോട്ടം. ജവാന്‍ ആദ്യ ദിവസം ഏകദേശം 75 കോടി രൂപ നേടിയെന്നാണ് വിവരം. അതില്‍ 65 കോടി രൂപ ഹിന്ദി പതിപ്പില്‍ നിന്നും ബാക്കി 10 കോടി രൂപ തമിഴ്, തെലുങ്ക് പതിപ്പുകളില്‍ നിന്നാണ് ലഭിച്ചത്. കേരളത്തില്‍ നിന്നുള്ള ആദ്യ ദിന കലക്ഷന്‍ 3.5 കോടിയാണെന്നും േകള്‍ക്കുന്നു. ഒരു ഹിന്ദി സിനിമയ്ക്ക് കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കലക്ഷനാണിത്.
ഹിന്ദിയില്‍ 16,157 ഷോകള്‍ ആണ് ആദ്യ ദിനം നടന്നത്. ഇവിടെ നിന്നുമാത്രം 60.76 കോടി നേടി. തമിഴില്‍ 1,238 ഷോകളിലായി 6.41 കോടി നേടിയപ്പോള്‍ 810 ഷോകളിലായി തെലുങ്കില്‍ നിന്നും 5.29 കോടിയും ജവാന്‍ നേടി. അങ്ങനെ ആകെ മൊത്തം 72 കോടി എന്നാണ് ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. പിവിആര്‍, സിനിപോളിസ് അടക്കമുള്ള രാജ്യത്തെ നാഷനല്‍ തിയറ്റര്‍ ശൃംഖലയിലെ ആദ്യ ദിന കലക്ഷനിലും ‘ജവാന്‍’ റെക്കോര്‍ഡിട്ടു. പിവിആര്‍ ഐനോക്‌സില്‍ 23.60 കോടി രൂപ നേടിയപ്പോള്‍ സിനിപൊളിസില്‍ 5.75 കോടിയും നേടി.
റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്. കാമിയോ റോളിലെത്തിയ ദീപിക പദുകോണ്‍ തന്റെ കഥാപാത്രം ഗംഭീരമാക്കി. പ്രിയാമണി, സുനില്‍ ഗ്രോവര്‍, സാന്യ മല്‍ഹോത്ര, റിദ്ധി ദോഗ്ര, ലെഹര്‍ ഖാന്‍, സഞ്ചീത ഭട്ടാചാര്യ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങിലൂടെ ഇതിനകം തന്നെ ഇന്ത്യയിലെ ബോക്‌സ്ഓഫിസില്‍ 35.6 കോടി രൂപ നേടികഴിഞ്ഞു. ചിത്രത്തിന് അസാധാരണമായ മുന്‍കൂര്‍ ബുക്കിങാണ് ലഭിച്ചത്. ഏകദേശം 10,000 സ്‌ക്രീനുകളിലാണ് ജവാന്‍ റിലീസ് ചെയ്തതും. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമ ഇത്രയധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.