വാരാണസി: ക്യാമ്പിലെ ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ബിഎസ്എഫ് ജവാന്‍ മോദിക്കെതിരെ മത്സരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബിഎസ്എഫ് കോണ്‍സ്റ്റബിളായിരുന്ന തേജ് ബഹാദുര്‍ യാദവാണ് വാരാണസി മണ്ഡലത്തില്‍ മോദിക്കെതിരെ മത്സരിക്കുന്നത്.
ജവാന്മാരുടെ പേരുപറഞ്ഞ് വോട്ടുചോദിക്കുന്ന മോദി അവര്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും, നിരവധി രാഷ്ട്രീയപാര്‍ട്ടികളെ സ്ഥാനാര്‍ഥിയാക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും ആരും തന്നെ സഹായിച്ചില്ലെന്നും അതിനാല്‍ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനമെന്നും തേജ് ബഹാദുര്‍ പറഞ്ഞു.
അതിര്‍ത്തി കാക്കുന്ന ജവാന്മാര്‍ക്ക് നിലവാരം കുറഞ്ഞ ഭക്ഷണമാണ് ലഭിക്കുന്നതെന്ന് കാണിച്ച് തേജ് ബഹാദുര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജവാനെ സേനയില്‍ നിന്ന് പുറത്താക്കിയത്.
2017 ജനുവരിയിലാണ് ഫെയ്‌സ്ബുക്ക് വഴി ഭക്ഷണത്തിന്റെ നിലവാരത്തെപ്പറ്റി പരാതിപ്പെട്ടത്. മാത്രമല്ല ഉയര്‍ന്ന ബ്എസ്എഫ് സൈനികോദ്യോഗസ്ഥര്‍ ജവാന്മാര്‍ക്കായി നല്‍കാന്‍ എത്തിക്കുന്ന ഭക്ഷ്യ സാമഗ്രികള്‍ അനധികൃതമായി മറിച്ചു വില്‍ക്കുന്നുണ്ടെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു.
സംഭവം വിവാദമായെങ്കിലും ബിഎസ്എഫ് ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നുമാസങ്ങള്‍ നീണ്ട കോര്‍ട്ട് മാര്‍ഷല്‍ നടപടി ക്രമങ്ങള്‍ക്ക് ശേഷം തേജ് ബഹാദുറിനെ പുറത്താക്കുകയായിരുന്നു.