ആദിവാസി യുവതിയെ ജവാന്മാര്‍ ബലാത്സംഗം ചെയ്തു; കൂട്ടുകാരിയുടെ മൃതദേഹം വനത്തില്‍

BEAT

മിസോറാം: മിസോറാമിലെ മാമിത് ജില്ലയില്‍ 22 കാരിയായ ആദിവാസി യുവതിയെ ബിഎസ്എഫ് ജവാന്‍മാര്‍ ബലാത്സംഗം ചെയ്തതായി പരാതി.

അതേസമയം, യുവതിക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ വനത്തിനുള്ളില്‍ കണ്ടെത്തി.

സില്‍സുരി ബിഒപിക്ക് സമീപം ജൂലൈ 16 നാണ് ഈ ക്രൂര കൃത്യം നടന്നത്. മുള ശേഖരിക്കാന്‍ വനത്തില്‍ പോയി തിരിച്ചുവരികയായിരുന്ന യുവതിയെയാണ് ജവാന്‍മാര്‍ ക്രൂരമായി ബലാത്സംഗം ചെയ്തത്.

യുവതിക്കൊപ്പമുണ്ടായിരുന്ന സ്ത്രീ സംഭവ സ്ഥലത്തു നിന്നു ഓടി രക്ഷപെട്ടെങ്കിലും കഴിഞ്ഞ ദിവസം മൃതദേഹമാണ് കണ്ടെത്തിയത്.

ബലാത്സംഗശ്രമം ചെറുത്തതോടെ ജവാന്‍മാര്‍ യുവതിയുടെ കണ്ണിലും മുഖത്തും ആസിഡ് ഒഴിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബലാത്സംഗത്തിന് ശേഷം വനത്തിന് സമീപം ഉപേക്ഷിച്ച് പോയ യുവതി ഒടുവില്‍ ഇഴഞ്ഞ് സ്വന്തം ഗ്രാമത്തിലെത്തി തനിക്കുണ്ടായ ദുരന്തം വീട്ടുകാരോടും ഗ്രാമവാസികളോടും പറഞ്ഞു.

ഉടന്‍ തന്നെ ഗ്രാമവാസികള്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയും യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ ഗ്രാമവാസികള്‍ ജൂലൈ 17 ന് സില്‍സുരി ബിഒപിക്ക് മുമ്പില്‍ പ്രതിഷേധിച്ചിരുന്നു.

സംഭവത്തേക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബലാത്സംഗത്തിന് ഇരയായ യുവതിയുടെ കൂട്ടുകാരിയുടെ മൃതദേഹം വനത്തിനുള്ളില്‍ നിന്ന് കണ്ടെടുത്തത്. ഇവര്‍ ബലാത്സംഗത്തിന് ഇരയായിരുന്നോ എന്ന കാര്യം വ്യക്തമല്ലെങ്കിലും ഇവര്‍ക്ക് നേരെയും ആസിഡ് ആക്രമണം നടന്നതായി കണ്ടെത്തി.

ബലാത്സംഗത്തിന്റെ ഏക ദൃക്‌സാക്ഷിയെ ഇല്ലാതാക്കുന്നതിനായിരുന്നു കൊലപാതകമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബലാത്സംഗവും കൊലപാതകവും നടന്ന് ഒരാഴ്ചയിലേറെ ആയിട്ടും കുറ്റവാളികളായ ജവാന്‍മാരെ തിരിച്ചറിയുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.

എന്നാല്‍ , സംഭവത്തില്‍ മിസോറാമിലെ വനിതാ സംഘടനകളോ മനുഷ്യാവകാശ പ്രവര്‍ത്തകരോ എന്‍ജിഒകളോ ഇതുവരെയും പ്രതികരിച്ചിട്ടില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

Top