ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന്റെ മോശം ദിനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ പോകുന്നെന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ ആക്രോശിച്ച് രാജ്യസഭയില്‍ ജയാ ബച്ചന്‍.
‘നോക്കൂ, നിങ്ങളുടെ സര്‍ക്കാരിന്റെ മോശം സമയം ഉടന്‍ ആരംഭിക്കാന്‍ പോകുകയാണ്’ എന്നായിരുന്നു ഭരണപക്ഷ അംഗങ്ങളെ നോക്കി ജയാ ബച്ചന്‍ പറഞ്ഞത്. മയക്കുമരുന്ന് നിയന്ത്രണ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ സഭ നിയന്ത്രിച്ചിരുന്ന ബിജെപി അംഗമായ ഭുബനേശ്വര്‍ കലിത ക്ഷണിച്ചതിന് പിന്നാലെയാണ് സംഭവം.
സഭാദ്ധ്യക്ഷനെ നോക്കി ജയ കൈചൂണ്ടി സംസാരിച്ചുവെന്ന് ബിജെപി എം.പിയായ രാകേഷ് സിന്‍ഹ പറഞ്ഞതിന് പിന്നാലെയാണ് ജയാ ബച്ചന്‍ ബിജെപി അംഗങ്ങളോട് ദേഷ്യപ്പെട്ടത്. 12 രാജ്യസഭംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ ജയാ ബച്ചന്‍ രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും എന്നാല്‍ സഭാദ്ധ്യക്ഷനില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നതായും ജയാ ബച്ചന്‍ പറഞ്ഞു. തുടര്‍ന്ന് ഭരണപക്ഷ അംഗങ്ങളുമായി ജയാ ബച്ചന്‍ വിഷയത്തില്‍ തര്‍ക്കിച്ചതോടെ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.
പനാമ പേപ്പറുകളിലെ വെളിപ്പെടുത്തലില്‍ നടിയും മരുമകളുമായ ഐശ്വര്യ റായിയോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ജയാ ബച്ചന്‍ ഭരണപക്ഷത്തിനെതിരെ രാജ്യസഭയില്‍ ആഞ്ഞടിച്ചത്. അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഐശ്വര്യ ഇ.ഡി ഓഫീസില്‍ നിന്നും മടങ്ങി.