പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് ജയാ ബച്ചന്‍

ന്യൂഡല്‍ഹി: യുപിയില്‍ തന്റെ പാര്‍ട്ടി നേതാക്കളെ ലക്ഷ്യവെച്ചുള്ള ആദായ വകുപ്പിന്റെ പരിശോധനയ്‌ക്കെതിരെ സമാജ് വാദി പാര്‍ട്ടി എംപി ജയാ ബച്ചന്‍. അടുത്ത വര്‍ഷം യുപിയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമാജ് വാദി പാര്‍ട്ടി നേതാക്കളുടെ വസതികളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുപിയില്‍ ഭരണകക്ഷിയായ ബിജെപ്പിക്ക് വിറയല്‍ വന്ന് തുടങ്ങിയതുകൊണ്ടാണ് സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന് ജയാ ബച്ചന്‍ സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്ന സര്‍ക്കാരിന്റെ അവകാശവാദം തള്ളിക്കളഞ്ഞ അവര്‍ ഞങ്ങള്‍ നിരക്ഷരരും വിദ്യാഭ്യാസമില്ലാത്തവരുമാണെന്ന് കരുതുന്നുണ്ടോയെന്നും ചോദിച്ചു. പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജയാ ബച്ചന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി. രാജ്യസഭയില്‍ തനിക്കെതിരെ നടത്തിയ വ്യക്തിഗത പരാമര്‍ശങ്ങളില്‍ ക്ഷുഭിതയായതിന് പിന്നാലെയാണ് അവരുടെ പ്രതികരണം.

പാന്‍ഡോറ പപ്പേഴ്‌സ് വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നതിനായി അഭിനേത്രിയും മരുമകളുമായ ഐശ്വര്യ റായിയെ തിങ്കളാഴ്ച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിച്ചു വരുത്തിയിരുന്നു. എന്നാല്‍ മരുമകളെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് ജയാ ബച്ചന്‍ പ്രതികരിച്ചിട്ടില്ല. ‘അവര്‍ പരിഭ്രാന്തരാണ്, അവര്‍ക്ക് നിരവധി ഉപകരണങ്ങളുണ്ട്, അവ ദുരുപയോഗം ചെയ്യുന്നു’, ജയാച്ചന്‍ അഭിപ്രായപ്പെട്ടു.

രാജ്യസഭയില്‍ 12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതിലും തൊഴിലില്ലായ്മയിലും കര്‍ഷക പ്രശനങ്ങളിലും ജയാ ബച്ചന്‍ സര്‍ക്കാരിനെതിരെ പ്രത്യക്ഷമായ വിമര്‍ശനമാണുന്നയിച്ചത്. രാജ്യസഭയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും ജയാ ബച്ചന്‍ അറിയിച്ചു.

Top