ന്യൂഡല്‍ഹി: തെഹല്‍ക്കയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് കാര്യമായ അന്വേഷണം നടത്താതിരിക്കാന്‍ സോണിയ ഗാന്ധി അന്നത്തെ ധനകാര്യമന്ത്രി പി. ചിദംബരത്തിനു നിര്‍ദേശം നല്‍കിയതായി സമതാ പാര്‍ട്ടി മുന്‍ അധ്യക്ഷ ജയ ജയ്റ്റ്‌ലി.
പ്രതിരോധ രംഗത്തെ അഴിമതിയെക്കുറിച്ച് തെഹല്‍ക്കയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പിന്നീടു അധികാരത്തില്‍ എത്തിയ യുപിഎ സര്‍ക്കാര്‍ ഇടപെട്ടെന്നും ജയ ജയ്റ്റ്‌ലി ആരോപിക്കുന്നു.
ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി ജയ ജയ്റ്റ്‌ലി എഴുതിയ ആത്മകഥ ‘ലൈഫ് എമങ് ദി സ്‌കോര്‍പിയണ്‍സ്: മെമോയിര്‍സ് ഓഫ് എ വുമന്‍ ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്‌സ്’ ചൊവ്വാഴ്ച പുറത്തിറങ്ങും.
തെഹല്‍ക്കയുടെ സ്റ്റിങ് ഓപ്പറേഷനിലൂടെ വിവരങ്ങള്‍ പുറത്തുവന്നതോടെ പ്രതിരോധ മന്ത്രി സ്ഥാനത്തു നിന്നും രാജിസന്നദ്ധത അറിയിച്ച ജോര്‍ജ് ഫര്‍ണാണ്ടസിനെ അന്നത്തെ കേന്ദ്രമന്ത്രിമാരായിരുന്ന എല്‍.കെ. അഡ്വാനിയും ജസ്വന്ത് സിങ്ങും വിലക്കിയിരുന്നെന്നും, പിന്നീടു പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ നിര്‍ദേശമെത്തിയപ്പോഴാണു ഫെര്‍ണാണ്ടസ് രാജിവച്ചതെന്നും, സമതാ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ വാജ്‌പേയി തന്നോട് ആവശ്യപ്പെട്ടെന്നതു കെട്ടുകഥയാണെന്നും പാര്‍ട്ടിയില്‍ തന്റെ നിലപാടു വ്യക്തമാക്കിയിരുന്നതായും ജയ ജയ്റ്റ്‌ലി പറയുന്നു.
എന്നാല്‍, പിന്നീട് ജയ ജയ്റ്റ്‌ലി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ചിരുന്നു.
തെഹല്‍ക്കയുടെ അന്വേഷണ റിപ്പോര്‍ട്ടു പുറത്തുവന്നതോടെ അന്നത്തെ പ്രതിപക്ഷമായ കോണ്‍ഗ്രസാണു നേട്ടം കൊയ്തതെന്നും ജയ ജയ്റ്റ്‌ലി പറയുന്നു.