ജയപ്രദ ബി.ജെ.പി.യില്‍ ചേര്‍ന്നു; യുപിയിലെ രാംപുരില്‍ സ്ഥാനാര്‍ത്ഥിയാകും

jayapradha-actress

ന്യൂഡല്‍ഹി: പ്രശസ്ത സിനിമാ താരവും മുന്‍ എംപിയുമായ ജയപ്രദ ബിജെപിയില്‍ ചേര്‍ന്നു. സമാജ്‌വാദിയില്‍ പാര്‍ട്ടിയില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്ന ജയപ്രദ പാര്‍ട്ടി നേതാവ് അസംഖാനുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിട്ടിരുന്നു.

ജയപ്രദ ഉത്തര്‍പ്രദേശിലെ രാംപുരില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സമാജ് വാദി പാര്‍ട്ടിയിലായിരുന്ന ജയപ്രദ 2004ലും 2009ലും വിജയിച്ച മണ്ഡലമാണ് രാംപുര്‍. സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാനാണ് ജയപ്രദയുടെ എതിര്‍സ്ഥാനാര്‍ഥി.

തെലുങ്കുദേശം പാര്‍ട്ടിയിലൂടെയാണ് ജയപ്രദ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ആന്ധ്രാപ്രദേശില്‍നിന്ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് ഇവര്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുകയും രണ്ടുതവണ രാംപുരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിക്കുകയും ചെയ്തു. ഇതിനിടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ അസംഖാന്‍ തന്റെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന നടിയുടെ ആരോപണം വിവാദത്തിന് വഴിവെക്കുകയും എസ്.പിയില്‍ നിന്ന് പുറത്താക്കുകയുമായിരുന്നു.

വിവാദത്തിന് പിന്നാലെ സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ജയപ്രദ അമര്‍സിങ്ങിനൊപ്പം ആര്‍എല്‍ഡിയില്‍ ചേക്കേറി. 2014 ല്‍ ബിജ്‌നോര്‍ മണ്ഡലത്തില്‍ നിന്ന് വീണ്ടും ലോക്‌സഭയിലേക്ക് മത്സരിച്ച ജയപ്രദ പക്ഷേ പരാജയപ്പെട്ടു. ഇക്കുറി വീണ്ടും ബിജെപി ടിക്കറ്റില്‍ രാംപുരില്‍ നിന്ന് ജയപ്രദ ലോക്‌സഭയിലേക്ക് മത്സരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Top