ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ചു. ടിഡിപി അംഗം ജയദേവ് ഗല്ല ആണ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളുടെ മുഴുവന്‍ പിന്തുണയും ടിഡിപിയുടെ അവിശ്വാസ പ്രമേയത്തിനുണ്ട്. പ്രമേയാവതരണത്തിന് ശേഷം സഭയില്‍ ചര്‍ച്ച നടക്കും. വോട്ടെടുപ്പ് വൈകീട്ട് ആറുമണിക്കാണ് നടക്കുക.
നരേന്ദ്രമോദി സര്‍ക്കാരിനെതിരേയുള്ള ആദ്യത്തെ അവിശ്വാസപ്രമേയമാണ് ലോക്‌സഭയില്‍ പരിഗണിച്ചത്. അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി വെള്ളിയാഴ്ചത്തെ സമ്മേളനം പൂര്‍ണമായും നീക്കിവെച്ചു. അതേസമയം ബിജെപിയ്ക്ക് തിരിച്ചടി നല്‍കി അവിശ്വാസ പ്രമേയത്തില്‍ നിന്നും ശിവസേന വിട്ടു നില്‍ക്കും. വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് ശിവസേനയുടെ തീരുമാനം.
കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം സര്‍ക്കാരിനുള്ള പിന്തുണ ഉറപ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശിവസേന ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്.
ശിവസേനയും പ്രതിപക്ഷത്ത് നിന്ന് അണ്ണാ ഡിഎംകെയും പിന്തുണ നല്‍കുമെന്നുറപ്പുള്ളതിനാല്‍ അവിശ്വാസപ്രമേയം യാതൊരു പ്രതിസന്ധിയും സൃഷ്ടിക്കില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു ബിജെപി സര്‍ക്കാര്‍. എന്നാല്‍ അപ്രതീക്ഷിതമായാണ് ശിവസേന നിലപാട് മാറ്റിയത്. ഇതിന് പുറമെ ശിവസേന മുഖപ്രസംഗമായ സാംമ്‌നയില്‍ ബിജെപിയെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്.