ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അനന്തരവള്‍ ദീപാ ജയകുമാര്‍ ഒടുവില്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി.
ചെന്നൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. എം.ജി.ആറിന്റെ പ്രശസ്ത വാചകമായ എന്റെ രക്തത്തിന്‍ രക്തമായ കൂടപ്പിറകളേ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അവര്‍ വാര്‍ത്താസമ്മേളനം തുടങ്ങിയത്.
ജയലളിതയുടെ സ്ഥാനത്തേക്ക് മറ്റൊരാള്‍ വരുന്നത് തനിക്ക് അംഗീകരിക്കാനാവില്ല, തന്നെ താഴ്ത്തിക്കെട്ടാന്‍ ചിലര്‍ നിരവധി കുപ്രചരണങ്ങള്‍ അഴിച്ചുവിടുകയാണ്. അതിന്റെ യഥാര്‍ത്ഥവശം ജനങ്ങള്‍ക്കറിയില്ല. രണ്ടു വഴിയാണ് തനിക്ക് മുന്നിലുള്ളത്, ഒന്നെങ്കില്‍ എഎഎഡിഎംകെ, അല്ലെങ്കില്‍ പുതിയ പാര്‍ട്ടിയെന്നും ദീപ വ്യക്തമാക്കി.
ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് ദീപ അറിയിച്ചു. ഉചിതമായ സമയത്താണ് താന്‍ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച തീരുമാനമെടുത്തതെന്നും ദീപ പറഞ്ഞു.
എംജിആര്‍-ജയലളിത-അണ്ണാ ഡിഎംകെ എന്നാകും പുതിയ പാര്‍ട്ടിയുടെ പേരെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ദീപ പാര്‍ട്ടി പ്രഖ്യാപനം നടത്തുമ്പോള്‍ പുറത്ത് അണികള്‍ ദീപയുടെ തീരുമാനത്തെ അനുകൂലിച്ച് പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു.
എംജിആറിന്റെ നൂറാം ജന്മവാര്‍ഷിക ദിവസത്തിലാണ് ദീപ തീരുമാനം വ്യക്തമാക്കിയതെന്നതും ശ്രദ്ധേയമാണ്.
ജയലളിത മരിച്ച് 40 ദിവസം കഴിയുമ്പോഴാണ് ദീപ തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നത്. നേരത്തെ ജയലളിതയുടെ തോഴി ശശികലയെ എതിര്‍ക്കുന്ന ഒരു വിഭാഗം നേതാക്കള്‍ ദീപയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ദിവസവും ചെന്നൈയിലെ ദീപയുടെ വസതിക്കു മുന്നില്‍ ആയിരങ്ങളാണ് ദീപ രാഷ്ട്രീയത്തിലിറങ്ങണം എന്ന ആവശ്യവുമായി എത്തിയിരുന്നത്. അണ്ണാ ഡിഎംകെ അണികളുടെ അഭ്യര്‍ത്ഥനക്ക് അനുകൂലമായ തീരുമാനമാണ് ദീപ ഇപ്പോള്‍ എടുത്തിരിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ദീപയുടെ രാഷ്ട്രീയപ്രവേശനത്തെ സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജയലളിതയെ അനുസ്മരിപ്പിക്കുന്ന അതേ മാതൃകയിലാണ് ദീപയുടെ പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്.
വസ്ത്രധാരണവും തലമുടി ചീകിയിരിക്കുന്നതും കൈവീശിക്കാണിക്കുന്നതും എല്ലാം ജയലളിതയുടേത് പോലെ തന്നെ.
അപ്രതീക്ഷിതമായി അണികള്‍ക്കിടയില്‍ ദീപക്ക് അനുകൂലമായിട്ടുണ്ടായ മുന്നേറ്റം പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ പലര്‍ക്കും മനഃ മാറ്റത്തിന് കാരണമായിട്ടുണ്ട്. ജയലളിതയുടെ മണ്ഡലമായ ആര്‍ കെ നഗറില്‍ ഉടനെ തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നതിനാല്‍ ഇതിന്റെ ഫലം നോക്കി നിലപാട് സ്വീകരിക്കാനാണ് ഒരു വിഭാഗം നേതാക്കളുടെ നീക്കം.
ആര്‍ കെ നഗറില്‍ ശശികലക്ക് എതിരായ വികാരം അണികള്‍ക്കിടയില്‍ ശക്തമായതിനാല്‍ മറ്റേതെങ്കിലും ‘സെയ്ഫായ ‘മണ്ഡലമാണ് ശശികലക്കായി പാര്‍ട്ടി നേതൃത്വം നോക്കുന്നത്. എന്നാല്‍ ദീപ ആര്‍ കെ നഗറില്‍ മത്സരിക്കുന്നതോടൊപ്പം തന്നെ ശശികല എവിടെ മത്സരിച്ചാലും ആ മണ്ഡലത്തില്‍ കൂടി മത്സരിക്കുമെന്നാണ് അഭ്യൂഹം. സഹോദരനായ ദീപക്കിനെ മുന്‍നിര്‍ത്തി ദീപയെ പിന്‍തിരിപ്പിക്കാന്‍ ശശികലയുടെ ആളുകള്‍ ശ്രമിച്ചെങ്കിലും ആ നീക്കം പാളിയിട്ടുണ്ട്. ജയലളിതയുടെ ശവസംസ്‌കാര ചടങ്ങുകള്‍ ശശികലക്കൊപ്പം നടത്താന്‍ ദീപക്കും ഉണ്ടായിരുന്നു.
ദീപയെ ജയലളിതയെക്കാണാന്‍ ആശുപത്രിയിലുള്ളപ്പോള്‍ പോലും അനുവദിച്ചിരുന്നില്ല.തന്നെ ജയലളിതയുടെ വീട്ടില്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും ജയയുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നെന്നും ദീപ പരാതിപ്പെട്ടിരുന്നു.
ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചാല്‍ ദീപക്കൊപ്പം നേതാക്കളും ഒഴുകുമെന്നതിനാല്‍ അതീവ ശ്രദ്ധയോടെയാണ് അണ്ണാ ഡി എം കെ നേതൃത്വത്തിന്റെ നീക്കം.
ദീപയെ വ്യക്തിപരമായി കടന്നാക്രമിച്ച് പ്രകോപിപ്പിക്കേണ്ടതില്ലന്നാണ് താല്‍ക്കാലിക നിലപാട്.ശശികലക്കെതിരെ ഗുരുതര ആരോപണങ്ങള്‍ പൊതു സമൂഹത്തിനിടയില്‍ ഉയര്‍ന്നിട്ടും ഇന്നുവരെ അവര്‍ക്കെതിരെ ഒരു അധിക്ഷേപ വാക്കുകള്‍ പോലും ദീപ ഉന്നയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ജയലളിതയോടുള്ള രൂപസാദൃശ്യവും മാനിറസങ്ങളും അണ്ണാ ഡിഎംകെ അനുഭാവികളെ ദീപക്ക് അനുകൂലമായി മാറ്റി തുടങ്ങിയിട്ടുണ്ട്.