ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സംസ്‌കാരം ഇന്നു വൈകുന്നേരം തന്നെ നടക്കുമെന്ന് സൂചന.മറീന ബീച്ചിലെ എംജിആര്‍ സ്മാരകത്തോട് ചേര്‍ന്നാവും ജയലളിതയുടെ അന്ത്യവിശ്രമം എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ജയലളിതയുടെ മരണത്തില്‍ അനുശോചിച്ച് തമിഴ്‌നാട്ടില്‍ ഏഴ് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ജയലളിതയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വച്ചു. ചെന്നൈയിലെ രാജാജി ഹാളിലാണ് മൃതദേഹം പൊതുദര്‍ശനത്തിനു വച്ചിരിക്കുന്നത്. രാവിലെ ആറുമണിയോടെയാണ് മൃതദേഹം പോയ്‌സ് ഗാര്‍ഡനില്‍ നിന്ന് രാജാജി ഹാളില്‍ എത്തിച്ചത്.
വന്‍ ജനാവലിയാണ് പോയ്‌സ് ഗാര്‍ഡനിലും രാജാജിഹാളിലും ജയലളിതയെ അവാസാനമായി ഒരു നോക്കു കാണാന്‍ തടിച്ചു കൂടിയത്. നേരത്തെ മുഖ്യമന്ത്രി പനീര്‍ശെല്‍വവും മന്ത്രിമാരും മറ്റ് നേതാക്കളും പോയ്‌സ് ഗാര്‍ഡനിലെത്തി ജയയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.
അതേസമയം അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഇതിനോടകം തന്നെ പൊലീസ്, വാഹനങ്ങള്‍ തടയാന്‍ ആരംഭിച്ചിട്ടുണ്ട്. സ്വന്തം റിസ്‌കില്‍ മാത്രം തമിഴ്‌നാട്ടിലേക്ക് പോകാനാണ് ഡ്രൈവര്‍മാരോട് കേരള പൊലീസ് പറഞ്ഞിരിക്കുന്നത്.
1987ല്‍ എംജിആര്‍ അന്തരിച്ചതിന് ശേഷം തമിഴ്‌നാട്ടില്‍ കലാപതുല്യമായ അവസ്ഥയായിരുന്നു ഒരു മാസത്തോളം നിലനിന്നത്. നൂറിലേറെ പേരാണ് ഈ കാലഘട്ടത്തില്‍ ആത്മഹത്യ ചെയ്തത്. നിരവധി എംജിആര്‍ ആരാധകര്‍ ഹൃദയാഘാതം വന്നു മരിച്ചു. പരക്കെ അക്രമങ്ങളും അരങ്ങേറിയിരുന്നു.
തിങ്കളാഴ്ച വൈകിട്ട് ജയലളിത മരിച്ചതായി തമിഴ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയ സന്ദര്‍ഭത്തില്‍ അപ്പോളോ ആസ്പത്രി പരിസരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനും നേരെ കൈയേറ്റ ശ്രമമുണ്ടാക്കുകയും നിരവധി കാറുകള്‍ കല്ലെറിഞ്ഞു തകര്‍ക്കുകയും ചെയ്തിരുന്നു.
നേരത്തെ ജയലളിത ജയിലില്‍ അടയ്ക്കപ്പെട്ട സമയത്തും എംജിആര്‍ മരിച്ചതിന് സമാനമായി നിരവധി ആത്മഹത്യകള്‍ അരങ്ങേറിയിരുന്നു.