ന്യൂഡല്‍ഹി: തമിഴ് മണ്ണിലും വംഗനാട്ടിലും വിജയം കൊയ്ത ജയലളിതയും മമതാബാനര്‍ജിയും എന്‍.ഡി.എ മുന്നണിയിലൂടെ കേന്ദ്ര ഭരണത്തിലേക്ക്. കോണ്‍ഗ്രസിന്റെ യു.പി.എക്കും ബി.ജെ.പിക്കും എതിരെ പൊരുതിയാണ് ഇരുവരും രണ്ടു സംസ്ഥാനത്തും തകര്‍പ്പന്‍ വിജയം നേടിയത്.
രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിക്ക് രണ്ടുപേരുടെയും പിന്തുണ അത്യാവശ്യമാണ്. ജയക്കും മമതക്കും കേന്ദ്ര ഭരണപങ്കാളിത്തത്തിലും താല്‍പര്യമുണ്ട്. മുമ്പ് ബി.ജെ.പിയുടെ എന്‍.ഡി.എയില്‍ അംഗമായിരുന്ന ഇരുപാര്‍ട്ടികള്‍ക്കും മോഡിയുമായി കാര്യമായ എതിര്‍പ്പുമില്ല.
243 അംഗ രാജ്യസഭയില്‍ കേവലം 66 സീറ്റുമാത്രമാണ് എന്‍.ഡി.എക്കുള്ളത്. യു.പി.എക്കാവട്ടെ 70 സീറ്റുണ്ട്. എ.ഐ.എ.ഡി.എം.കെക്കും തൃണമൂല്‍ കോണ്‍ഗ്രസിനും 12 വീതം സീറ്റുകളാണുള്ളത് ഇരുവരും എന്‍.ഡി.എയില്‍ എത്തിയാല്‍ 90 സീറ്റുമായി എന്‍.ഡി.എക്ക് തലവേദനയില്ലാതെ ഭരിക്കാം. രാജ്യസഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ജയയും മമതയുമായി സഖ്യനീക്കങ്ങള്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം സജീവമാക്കിയിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ ഡി.എം.കെയെയും വിജയകാന്തിന്റെ ഡി.എം.ഡി.കെയെയും നിലംപരിശാക്കുന്ന 134 സീറ്റിന്റെ വിജയമാണ് ജയലളിത നേടിയത്. ബംഗാളിലാവട്ടെ സി.പി.എമ്മും കോണ്‍ഗ്രസും സഖ്യം ചേര്‍ന്നിട്ടും മമത തരംഗത്തെ തടയാനായില്ല. കഴിഞ്ഞ തവണ 184 സീറ്റുമായി മുഖ്യമന്ത്രിയായ മമത ഇത്തവണ 211 സീറ്റിന്റെ ചരിത്ര വിജയമാണ് നേടിയത്. കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയിട്ടും സി.പി.എമ്മിന് 26 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ 46 സീറ്റായിരുന്നു തനിച്ചു മത്സരിച്ച സി.പി.എമ്മിനുണ്ടായിരുന്നത്. കോണ്‍ഗ്രസാവട്ടെ കഴിഞ്ഞ തവണത്തെ 42 സീറ്റ് 44 ആക്കി ഉയര്‍ത്തി പ്രതിപക്ഷ നേതൃസ്ഥാനത്തെത്തി.