ജയലളിതയുടെ മരണം: ഡോക്ടര്‍ക്ക് അന്വേഷണ കമ്മീഷന്റെ സമന്‍സ്

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായ് ബന്ധപ്പെട്ട് ഡോക്ടര്‍ക്ക് സമന്‍സ്. ജയലളിതയെ 2016 സെപ്റ്റംബറില്‍ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം ലണ്ടന്‍ ബ്രിഡ്ജ് ഹോസ്പിറ്റലിലെ ഡോക്ടറായ റിച്ചാര്‍ഡ് ബെയില്‍ ചികിത്സ നടത്താനായ് പലവട്ടം എത്തിയിരുന്നു, ഇതിനെ തുടര്‍ന്നാണ് അന്വേഷണ കമ്മീഷന്‍ ഡോക്ടര്‍ക്ക് സമന്‍സ് അയച്ചിരിക്കുന്നത്.

റിച്ചാഡിനെ കൂടാതെ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, ആരോഗ്യമന്ത്രി സി. ഭാസ്‌കര്‍, ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈ എന്നിവര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. പനീര്‍ശെല്‍വത്തിനോട് ഡിസംബര്‍ 20ന് മുന്‍പ് കമ്മീഷന് മുമ്പില്‍ ഹാജരാകണമെന്നായിരുന്നു അറിയിച്ചിരിക്കുന്നത്. ഹാജരാവാത്തതിനെ തുടര്‍ന്നാണ് വീണ്ടും സമന്‍സ് അയച്ചത്.

ആരോഗ്യമന്ത്രിയോട് ജനുവരി ഏഴിനും ഡോ. റിച്ചാര്‍ഡ് ബെയിലിനോട് വീഡിയോ കോണ്‍ഫറന്‍സ് വഴി ജനുവരി ഒന്‍പതിനും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉപ മുഖ്യമന്ത്രിയോട് ജനുവരി എട്ടിനും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറോട് ജനുവരി 11നുമാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അതിനാല്‍ കമ്മീഷനെ നിയോഗിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടത് ഒ. പനീര്‍ശെല്‍വമായിരുന്നു. 16 മാസം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ആറുമുഖം കമ്മിഷന്‍ ജയലളിതയുടെ പിറന്നാള്‍ ദിനമായ ഫെബ്രുവരി 24ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.

Top