Jayalalitha-death-surendran-facebookpost

K surendran

തിരുവനന്തപുരം: ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശത്തില്‍ ന്യായീകരണവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ജയലളിത യുഗം അവസാനിക്കുന്നു എന്ന് പരാമര്‍ശിച്ചായിരുന്നു സുരേന്ദ്രന്റെ വിവാദ ഫേസ്ബുക് പോസ്റ്റ്.

തമിഴകത്തിന്റെ രാഷ്ട്രീയ നിലപാടുകളെ പുച്ഛത്തോടെയാണ് സുരേന്ദ്രന്‍ തന്റെ ആദ്യപോസ്റ്റില്‍ വിലയിരുത്തിയത്. വ്യക്തിപൂജയിലും പ്രാദേശിക വികാരത്തിലും അധിഷ്ഠിതമായ ദ്രാവിഡരാഷ്ട്രീയം പതുക്കെ പതുക്കെ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരും എന്ന് പ്രതീക്ഷിക്കാമെന്നും സുരേന്ദ്രന്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. തുടര്‍ന്നാണ് തന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് വീണ്ടും സുരേന്ദ്രന്‍ രംഗത്തെത്തിയത്.

‘നവമാധ്യമങ്ങളുടെ ശക്തിയും ദൗര്‍ബല്യവും മനസ്സിലാക്കാന്‍ കഴിയാത്തവരാണ് വസ്തുതകളുടെ സ്ഥാനത്ത് വികാരപ്രകടനം നടത്തുന്നത്. ഫേസ്ബുക്കുകളില്‍ ഉണരുകയും ഉണ്ണുകയും ഉറങ്ങുകയും ചെയുന്ന പലരും അതിനു പുറത്തു വേറൊരു ലോകമില്ലെന്നു കരുതുന്നത് അവരുടെ കുറ്റമല്ല. ജനങ്ങള്‍ക്കിടയില്‍ കഴിയുന്നവര്‍ക്ക് ഇതു തിരിച്ചറിയാന്‍ ലൈക്കിന്റെ എണ്ണവും വരുന്ന കമന്‍ുകളുടെ നിലവാരവും നോക്കേണ്ട കാര്യമില്ലെന്ന് ‘സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

(സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ…)

നവമാധ്യമങ്ങളുടെ ശക്തിയും ദൗര്‍ബല്യവും മനസ്സിലാക്കാന്‍ കഴിയാത്തവരാണ് വസ്തുതകളുടെ സ്ഥാനത്ത് വികാരപ്രകടനം നടത്തുന്നത്. ഫേസ്ബുക്കുകളില്‍ ഉണരുകയും ഉണ്ണുകയും ഉറങ്ങുകയും ചെയുന്ന പലരും അതിനു പുറത്തു വേറൊരു ലോകമില്ലെന്നു കരുതുന്നത് അവരുടെ കുററമല്ല.

ജനങ്ങള്‍ക്കിടയില്‍ കഴിയുന്നവര്‍ക്ക് ഇതു തിരിച്ചറിയാന്‍ ലൈക്കിന്രെ എണ്ണവും വരുന്ന കമന്റുകളുടെ നിലവാരവും നോക്കേണ്ട കാര്യമില്ല. ഇന്നലെ അര്‍ദ്ധരാത്രി അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി കുമാരി ജയലളിതയെ ഏററവും സത്യസന്ധമായി വിലയിരുത്തി ഞാന്‍ ഇന്നലെ കാലത്ത് ഈ പേജില്‍ എഴുതിയകുറിപ്പ് എല്ലാവരും കണ്ടതല്ലേ? അവരുടെ ജനപ്രീതിയും ഭരണപാടവവും അറിയാത്ത ഒരാളല്ല ഞാന്‍.

എന്നാല്‍ അവര്‍ക്കുശേഷം തമിഴകരാഷ്ട്രീയത്തില്‍ എന്തുസംഭവിക്കുമെന്ന് വിലയിരുത്തുന്നത് ഇത്ര വലിയ പാതകമാണോ? ഇന്നലെ ദേശീയമാധ്യമങ്ങളും മലയാളമാധ്യമങ്ങളും പ്രസക്തമായ ഈ ചോദ്യം ചര്‍ച്ച ചെയ്തത് വിമര്‍ശകരാരും കണ്ടില്ലേ? പിന്നെ പറഞ്ഞ സമയം ഉചിതമായില്ല എന്നു ചിലര്‍ പറയുന്നുണ്ട്. എല്ലാവരും നാളെ പറയുന്നത് ഇന്നലെ പറയാനാണ് എനിക്കു താല്‍പ്പര്യം. എല്ലാ വിമര്‍ശനങ്ങളേയും സ്വാഗതം ചെയ്യുന്നു.

എല്ലാവരുടേയും പ്രിയപ്പെട്ട അമ്മയായ ജയലളിതയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.

Top