ചെന്നൈ: ഒമ്പതു ദിവസമായി ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ യു.കെയില്‍ നിന്നും ഡോക്ടറെ വരുത്തി. തീവ്രപരിചരണവിഭാഗം വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബീലെയാണ് ജയലളിതയുടെ ആരോഗ്യനില പരിശോധിക്കാന്‍ എത്തിയത്.
ലണ്ടനിലെ ബ്രിഡ്ജ് ആശുപത്രിയിലെ ഡോക്ടറായ ജോണ്‍ റിച്ചാര്‍ഡ് തീവ്രപരിചരണം, അനസ്‌തേഷ്യ എന്നിവയില്‍ വിദഗ്ധനാണ്.
വെള്ളിയാഴ്ച രാത്രിയോടെയാണ് ജോണ്‍ റിച്ചാര്‍ഡ് ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തി ജയലളിതയെ പരിശോധിച്ചത്. തുടര്‍ പരിശോധനക്കായി രണ്ടു ദിവസം കൂടി ജോണ്‍ റിച്ചാര്‍ഡ് ചെന്നൈയില്‍ തങ്ങും. എന്നാല്‍, ജോണ്‍ റിച്ചാര്‍ഡിന്റെ സന്ദര്‍ശനം സംബന്ധിച്ച് അണ്ണാ ഡി.എം.കെയോ ആശുപത്രി അധികൃതരോ പ്രതികരിച്ചിട്ടില്ല.
സെപ്റ്റംബര്‍ 22നാണ് കടുത്ത പനിയും നിര്‍ജലീകരണവും മൂലം ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒമ്പതു ദിവസമായി ആശുപത്രിയില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് തമിഴ്‌നാട്ടിലും സാമൂഹ്യ മാധ്യമങ്ങളിലും അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ ജയലളിതയുടെ ആരോഗ്യ പുരോഗതിയെ കുറിച്ച് ജനങ്ങള്‍ക്ക് നിരന്തരം വിവരം കൈമാറണമെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.