Jayalalitha heart attack; Alert in Kerala

തിരുവനന്തപുരം: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായതിനെ തുടര്‍ന്ന് കേരളത്തിലും ജാഗ്രത. അതിര്‍ത്തി ജില്ലകളില്‍ സുരക്ഷ ശക്തമാക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.

തമിഴ്‌നാട്ടുകാര്‍ ധാരാളമെത്തുന്ന ശബരിമലയിലും പോലീസ് കനത്ത ജാഗ്രതയിലാണ്. സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ സന്നിധാനത്തെ ആഴിക്കു ചുറ്റും വടംകെട്ടി തിരിച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോയ കെഎസ്ആര്‍ടിസി ബസുകള്‍ പൊലീസിന്റെ നിര്‍ദേശപ്രകാരം തിരിച്ചുവിളിച്ചു. നാഗര്‍കോവില്‍ ഭാഗത്തുള്ള പെട്രോള്‍ പമ്പുകളും പൊലീസ് അടപ്പിച്ചു. തമിഴ്‌നാട്ടിലുള്ള മലയാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ജയലളിതയ്ക്ക് ഞായറാഴ്ച വൈകിട്ടാണ് ഹൃദയാഘാതം ഉണ്ടായത്. തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ അവര്‍.

ആസ്പത്രിക്ക് മുമ്പില്‍ പ്രാര്‍ഥനയുമായി വന്‍ജനാവലിയാണ് രാത്രിതന്നെ തടിച്ചുകൂടിയിട്ടുള്ളത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തമിഴ്‌നാട് പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Top