ചെന്നൈ: സിനിമയിലെയും രാഷ്ട്രീയത്തിലെയും ജീവിതത്തിലെയും തന്റെ നായകനായ എംജിആര്‍ മരിച്ച അതേ ഡിസംബറില്‍ തന്നെ മരിക്കണമെന്നത് ജയലളിതയുടെ സ്വപ്നമായിരുന്നു.
ആ സ്വപ്നമാണിപ്പോള്‍ യാദൃശ്ചികമാണെങ്കില്‍ പോലും നിറവേറിയിരിക്കുന്നത്.
മുന്‍മുഖ്യമന്ത്രി എംജി രാമചന്ദ്രന്‍ മരിച്ചത് 1987 ഡിസംബര്‍ 24നാണ്. അനവധി ആളുകളാണ് വിയോഗം താങ്ങാനാവാതെ അന്ന് ആത്മഹത്യ ചെയ്തത്.
ഗുരുതരമായ വൃക്കരോഗത്തെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എംജിആര്‍ ആദ്യം രോഗം ശമിച്ച് ആരാധകര്‍ക്ക് പുതുജീവന്‍ നല്‍കി തിരികെ വന്നെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
എംജിആറിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ജാനകി പാര്‍ട്ടി നേതൃപദവി ഏറ്റെടുത്തെങ്കിലും അണികളും ജനങ്ങളും ജയലളിതക്കൊപ്പമായിരുന്നു.
എംജിആറിന്റെ പിന്‍ഗാമിയായി രാഷ്ട്രീയത്തിലിറങ്ങിയ ജയലളിത രാഷ്ട്രീയ ചാണക്യന്‍ സാക്ഷാല്‍ കരുണാനിധിയെ മലര്‍ത്തിയടിച്ചാണ് അഞ്ച് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായി കരുത്ത് തെളിയിച്ചത്.
തന്നെ അപമാനിക്കുകയും വേട്ടയാടുകയും ചെയ്ത കരുണാനിധിയോടും അതേരൂപത്തില്‍ തന്നെയാണ് പിന്നീട് അധികാരത്തില്‍ വന്നപ്പോള്‍ ജയലളിത പെരുമാറിയത്.
കേന്ദ്രമന്ത്രിമാരടക്കം തടയാനുണ്ടായിട്ടും കരുണാനിധിയെന്ന വൃദ്ധനെ വലിച്ചിഴച്ച് പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയ കാഴ്ച രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.
ജയലളിതയെന്ന ഭരണാധികാരിയുടെ ചങ്കുറപ്പും കരുത്തും പ്രകടമാക്കുന്ന നടപടിയായിരുന്നു അത്. പെണ്ണൊരുമ്പെട്ടാല്‍ എന്ന പഴമൊഴി യാഥാര്‍ത്ഥ്യമാക്കിയ സംഭവം.
പൊതുയോഗങ്ങളില്‍ ആര്‍ത്തിരമ്പുന്ന ജനലക്ഷങ്ങള്‍ ജയലളിതക്ക് എന്നും ആവേശമാണ്. തന്റെ മുന്‍കാല തെറ്റുകള്‍ തിരുത്തിയ ഭരണമായിരുന്നു കഴിഞ്ഞ തവണയും ഇപ്പോഴും ജയലളിതയുടെ നേതൃത്വത്തില്‍ കാഴ്ച വച്ചത്.
പാവപ്പെട്ടവര്‍ക്ക് തണലായി നിരവധി പദ്ധതികളാണ് അവര്‍ നടപ്പാക്കിയത്. ആ ഉപകാരത്തിനുള്ള നന്ദിയാണ് ഇപ്പോഴത്തെ തമിഴകത്തിന്റെ കണ്ണീര്‍…