ബാഹുബലിയിലെ ശിവകാമിയെ മലയാളികള്‍ ഉള്‍പ്പെടെ ആര്‍ക്കും അത്ര പെട്ടെന്ന് മറക്കുവാന്‍ സാധിക്കില്ല. ശിവകാമിയെ അനശ്വരമാക്കിയ രമ്യ കൃഷ്ണന് ലഭിച്ചത് നിരവധി അംഗീകാരങ്ങളാണ്.
അതിനു പിന്നാലെ തമിഴരുടെ ഇദയക്കനിയായി മാറാന്‍ ഒരുങ്ങുകയാണ് രമ്യ കൃഷ്ണന്‍. അന്തരിച്ച നടിയും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയായി വെള്ളിത്തിരയില്‍ എത്താന്‍ ഒരുങ്ങുന്നതിന്റെ ആവേശത്തിലാണ് താരം.
ജിഗര്‍തണ്ട, ഇരൈവി എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുകയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായും 2018 ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും നിര്‍മ്മാതാക്കളില്‍ ഒരാളായ ആദിത്യ ഭരത്വാജ് പറഞ്ഞു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം ഒരുങ്ങുക.