ചെന്നൈ: ഹൃദയാഘാതം മൂലം അപ്പോളോ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കുവേണ്ടി പ്രാര്‍ത്ഥനയുമായി കേന്ദ്ര-സംസ്ഥാന നേതാക്കള്‍.
രാഷ്ട്രപതി പ്രണാബ് മുഖര്‍ജ്ജി, ഡിഎംകെ നേതാവ് എം കരുണാനിധി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങി നിരവധി നേതാക്കള്‍ ജയലളിതയ്ക്ക് സൗഖ്യം നേര്‍ന്നു.
ഞായറാഴ്ച വൈകുന്നേരം ജയലളിതയുടെ നില ഗുരുതരമായ വാര്‍ത്തയെത്തിയതിനെ തുടര്‍ന്ന് രാഷ്ട്രപതി പ്രണാബ്കുമാര്‍ മുഖര്‍ജി ജയലളിതയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് ട്വീറ്റ് ചെ്തു. എത്രയും പെട്ടെന്ന് ജയലളിത സുഖംപ്രാപിക്കട്ടെയെന്ന് അദ്ദേഹം തന്റെ സന്ദേശത്തില്‍ ആശംസിച്ചു.
ജയലളിതയുടെ രാഷ്ട്രീയ എതിരാളിയായ കരുണാനിധിയും ജയലളിത എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡു, നിര്‍മല സീതാരാമന്‍ എന്നിവരും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് തുടങ്ങിയവരും വിവധ പാര്‍ട്ടി നേതാക്കളായ എം.കെ സ്റ്റാലിന്‍, ലാലു പ്രസാദ് യാദവ് തുടങ്ങിയവരും ജയലളിതയുടെ ആരോഗ്യം ആശംസിച്ചുകൊണ്ട് സന്ദേശങ്ങളയച്ചു.
അതേസമയം ജയലളിതയുടെ ആരോഗ്യനില അതീവഗുരുതരമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.