ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയതിനെതിരായ കര്‍ണാടക സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി വിധി പറയാനായി മാറ്റി.
കേസില്‍ ഫെബ്രുവരി 23ന് ആരംഭിച്ച വാദം കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു. കേസിലെ കക്ഷികളോട് പത്താം തീയതിയ്ക്കകം രേഖാമൂലം അഭിപ്രായങ്ങള്‍ അറിയിക്കാനും ജസ്റ്റിസുമാരായ പി.സി.ഘോഷ്, അമിതാവ റോയ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
സമ്പാദിച്ച സ്വത്തിന്റെ ഉറവിടം നിയമവിരുദ്ധമാണെന്ന് തെളിയാത്തിടത്തോളം കാലം അനധികൃത സ്വത്ത് സമ്പാദനം കുറ്റമല്ലെന്ന് വാദത്തിനിടെ സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.
2014 സെപ്തംബറിലാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയെ ബംഗളൂരുവിലെ പ്രത്യേക കോടതി നാലു വര്‍ഷം തടവിനും 100 കോടി രൂപ പിഴയ്ക്കും ശിക്ഷിച്ചത്.
ജയലളിതയെ കൂടാതെ കൂടാതെ തോഴി ശശികല, ഇളവരശി, വളര്‍ത്തു മകന്‍ സുധാകരന്‍ എന്നിവരെയും ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് ജയലളിത കര്‍ണാടക ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
അപ്പീല്‍ അനുവദിച്ച കോടതി 2015 നവംബറില്‍ ജയലളിതയെ കുറ്റവിമുക്തയാക്കി. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും കക്ഷി ചേര്‍ന്നിരുന്നു. മൂന്നു മാസം നീണ്ട വാദത്തിനു ശേഷമാണ് സുപ്രീംകോടതി വിധി പറയാനായി കേസ് മാറ്റിയത്.