ചെന്നൈ : തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രി ഉപാധ്യക്ഷ പ്രീത റെഡ്ഡി.
ജയലളിതയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ‘ശ്വാസമില്ലാത്ത അവസ്ഥയിൽ’ ആയിരുന്നെന്ന് പ്രീത റെഡ്ഡി വ്യക്തമാക്കി.
ശ്വാസംപോലും എടുക്കാൻ കഴിയാത്ത അർധബോധാവസ്ഥയിലാണ് ജയലളിതയെ കൊണ്ടുവന്നതെന്നും , പിന്നീട് എല്ലാതരത്തിലുള്ള ചികിത്സകളും അവര്‍ക്ക് നല്‍കി, അവർ ആരോഗ്യം വീണ്ടെടുത്തെന്നും ഡൽഹിയിൽ ഒരു സ്വകാര്യ തമിഴ് ചാനലിനോട് പ്രീതി റെഡ്ഡി പറഞ്ഞു.
പക്ഷേ നിര്‍ഭാഗ്യവശാല്‍ ഫലം ജനങ്ങള്‍ ആഗ്രഹിച്ചതുപോലെയായില്ല. ആശുപത്രിക്കു കഴിയുന്ന വിധത്തിൽ ചികിൽസ അവർക്ക് നൽകിയിട്ടുണ്ട്. മരണം സംബന്ധിച്ച അന്വേഷണം നടക്കട്ടെ , ആശുപത്രി രേഖകൾ പരിശോധിച്ചാൽ നിഗൂഢത ഇല്ലാതാകുമെന്നും അവർ കൂട്ടിച്ചേർത്തു.
ജയലളിതയുടെ വിരലടയാളം അണ്ണാ ഡിഎംകെ സ്ഥാനാർഥികൾ എടുക്കുമ്പോൾ അവർക്ക് ബോധമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ആ സമയത്ത് ഞാൻ അവിടെ ഇല്ലായിരുന്നുവെന്നും പ്രീതി റെഡ്ഡി മറുപടി നൽകി.
ജയലളിതയുടെ മരണത്തെപ്പറ്റി അന്വേഷിക്കാൻ റിട്ട. ജഡ്ജി ജസ്റ്റിസ് എ.അറുമുഖസ്വാമിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷനെ സർക്കാർ നിയമിച്ചിട്ടുണ്ട്. കമ്മിഷൻ അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തൽ.
ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയ ജയലളിത 75 ദിവസത്തെ ചികിത്സക്കുശേഷമാണ് 2016 ഡിസംബര്‍ അഞ്ചിന് മരണത്തിന് കീഴടങ്ങുന്നത്.