കോയമ്പത്തൂര്‍: ജയലളിതയുടെ ഊട്ടിയിലെ കോടനാട് എസ്റ്റേറ്റ് കൊലപാതക കേസിലെ ഒന്നാം പ്രതി എടപ്പാടി സ്വദേശി കനകരാജിന്റെ മരണത്തില്‍ ദുരൂഹത.
കനകരാജിനെ ഇടിച്ച കാര്‍ ഓടിച്ചിരുന്നത് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സേലത്തുകാരനായ റഫീക്ക് ആയിരുന്നു. റഫീക്ക് ആത്തൂര്‍ പൊലീസില്‍ കീഴടങ്ങി.
പണം വാങ്ങാനെന്നും പറഞ്ഞായിരുന്നു കനകരാജ് വീട്ടില്‍ നിന്നിറങ്ങിയത്. രണ്ടു കാര്‍ സ്വന്തമായുളള കനകരാജ് എടപ്പാടിയില്‍ നിന്നും 75 കിലോമീറ്റര്‍ അകലെയുള്ള ആത്തൂരിലേക്ക് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തതും കാറിടിച്ച് മരിച്ചതിലുമാണ് സംശയം ബലപ്പെടുന്നത്.
പണം ശരിയായിട്ടുണ്ടെന്നും അതു വാങ്ങാന്‍ പോകുകയാണെന്നും പറഞ്ഞ് 28നു രാത്രിയാണ് കനകരാജ് വീട്ടില്‍ നിന്നു ഇറങ്ങിയത്. ആത്തൂരിനടുത്തുള്ള കാട്ടുകോട്ടൈയിലെത്തിയ കനകരാജ് അവിടെ ലോഡ്ജില്‍ മുറിയെടുത്തു.
എന്നാല്‍ പുലര്‍ച്ചെ ആത്തൂരിനടുത്ത് വിജനമായ സ്ഥലത്തു വച്ച് ബൈക്ക് അപടകടത്തില്‍പ്പെട്ടു. കനകരാജിന്റെ ബൈക്കിലിടിച്ച കാര്‍ ഉപേക്ഷിച്ച നിലയിലും കണ്ടുകിട്ടി.
അതേസമയം കോടനാട് ബംഗ്ലാവില്‍ ഫര്‍ണിച്ചര്‍ പണികള്‍ നടത്തിയിരുന്ന മലയാളി വിദേശത്തേക്കു കടന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.