ചെന്നൈ: ജയലളിതയുടെ സഹോരപുത്രി ദീപ ജയകുമാര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘എംജിആര്‍ അമ്മ ദീപ പേരാവൈ’ എന്നാണ് പാര്‍ട്ടിയുടെ പേര്. ജയലളിതയുടെയും എംജിആറിന്റെയും ചിത്രമടങ്ങുന്ന പാര്‍ട്ടി പതാക പുറത്തിറക്കിക്കൊണ്ട് ദീപ തന്നെയാണ് രാഷ്ട്രീയ പ്രവേശം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ജയലളിതയുടെ വീടായ വേദനിലയം കൈക്കലാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ജയലളിത മരിച്ചതോടെ ഒഴിവുവന്ന ആര്‍കെ നഗര്‍ മണ്ഡലത്തില്‍നിന്നു നിയമസഭയിലേക്കു ജനവിധി തേടുമെന്നും ദീപ വ്യക്തമാക്കി. പാര്‍ട്ടിയോട് കൂറുള്ള എഡിഎംകെ പ്രവര്‍ത്തകര്‍ തനിക്കു പിന്നിലുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട ഒ.പനീര്‍ശെല്‍വവുമായി കൂട്ടുചേരാനില്ലെന്ന് ദീപ വ്യക്തമാക്കി. നേരത്തെ ദീപ പനീര്‍ശെല്‍വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും കൂട്ടുകെട്ട് സംബന്ധിച്ച് തീരുമാനമായില്ല.
എന്നാല്‍ വേദനിലയം തനിക്കും ദീപക്കും അവകാശപ്പെട്ടതാണെന്ന വാദവുമായി ദീപയുടെ സഹോദരന്‍ ദീപക് ജയകുമാര്‍ രംഗത്ത് എത്തി. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍ എഐഎഡിഎംകെയെ തകര്‍ക്കുമെന്ന് ദീപക് കുറ്റപ്പെടുത്തി. ഒ പനീര്‍സെല്‍വം നേതൃത്വം ഏറ്റെടുക്കുന്നതാണ് ഉചിതമെന്നും ദീപക് അഭിപ്രായപ്പെട്ടു.