ചെന്നൈ: തമിഴ്നാട് നിയമസഭയിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്‌തു.മുഖ്യമന്ത്രി പളനിസാമി, ഉപ മുഖ്യമന്ത്രി പനീർ സെൽവം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.
ഛായാചിത്രം അനാച്ഛാദനം ചെയ്യുന്നതിന്റെ ഉദ്‌ഘാടനം നിർവഹിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പളനിസാമി കത്തയച്ചിരുന്നെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ജയലളിതയ്‌ക്ക് പുറമെ സി.എൻ. അണ്ണാദുരൈ, എം.ജി.ആർ എന്നീ മുൻ മുഖ്യമന്ത്രിമാരുടെ ഛായാ ചിത്രങ്ങളും നിയമസഭയിൽ അനാവരണം ചെയ്‌തിട്ടുണ്ട്.
എന്നാൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട ജയലളിതയുടെ ചിത്രം നിയമസഭയിൽ വച്ചത് നാണക്കേടാണെന്ന് പ്രതിപക്ഷമായ ഡി.എം.കെ ആരോപിച്ചു. തമിഴ്‌നാട്ടിലെ സർക്കാർ ഓഫീസുകളിൽ നിന്നും ജയലളിതയുടെ ചിത്രങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ നേരത്തെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.